‘തല്ലേണ്ടവരെ തല്ലിയാണ് ഇവിടെ വരെയെത്തിയത്’; അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം.എം മണി

അടിച്ചാൽ തിരിച്ചടിക്കണമെന്ന് വീണ്ടും എം എം മണി. തല്ലു കൊണ്ടിട്ട് വീട്ടിൽ പോകുന്നതല്ല നിലപാട്. അടിച്ചാൽ ഉണ്ടാകുന്ന കേസ് നല്ല വക്കീലിനെ വെച്ച് വാദിക്കും. തല്ലേണ്ടവരെ തല്ലിയാണ് താനിവിടെവരെ എത്തിയതെന്നും എംഎം മണി പറഞ്ഞു. സിപിഐഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിലാണ് മണിയുടെ വിവാദ പരാമർശം. മാധ്യമങ്ങൾ ഇതുകൊടുത്ത് തന്നെ കുഴപ്പത്തിലാക്കല്ലെന്നും പ്രസംഗത്തിനിടെ എംഎം മണി പറഞ്ഞു.

കഴിഞ്ഞ ദിവസവും എം എം മണി ഇതേ പ്രസ്താവന നടത്തിയിരുന്നു. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി പറഞ്ഞിരുന്നു. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസം​ഗത്തിലായിരുന്നു വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്നു എംഎം മണി പറഞ്ഞിരുന്നു.

നമ്മുടെ പല നേതാക്കന്മാരെയും വെടിവെച്ചും വെട്ടിയും കൊലപ്പെടുത്തിയിട്ടുണ്ട്. അവരെയെല്ലാം നമ്മൾ നേരിട്ടിട്ടുണ്ടെന്ന് എംഎം മണി പ്രസം​ഗത്തിൽ പറഞ്ഞിരുന്നു.ജനങ്ങൾ അം​ഗീകരിക്കുന്ന മാർ​ഗം സ്വീകരിക്കാം. തിരിച്ചടിച്ചാൽ ജനങ്ങൾ പറയണം അത് വേണ്ടതായിരുന്നുവെന്ന്. അത് ശരിയായില്ലെന്ന് പറഞ്ഞാൽ പോയി എന്ന് എംഎം മണി പറയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ബലപ്രയോഗത്തിന്റെ മാർഗം സ്വീകരിക്കുന്നത് കാണുന്നവരും കേൾക്കുന്നവരും ശരിയായെന്ന് പറയണം. ജനങ്ങൾ ശരിയല്ലെന്ന് പറയുന്ന മാർഗങ്ങൾ സ്വീകരിക്കരുത്. അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുമെന്നും പ്രസ്ഥാനം ദുർബലപ്പെടുമെന്നും എംഎം മണി പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*