‘മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയം’; ഹേമ കമ്മിറ്റിക്കെതിരെ മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

കൊച്ചി: ഹേമ കമ്മിറ്റിയിലെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്. അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയെ സമീപിച്ചു. മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം ഇതുവരെയും തന്നെ സമീപിച്ചിട്ടില്ലെന്നും നടി ഹര്‍ജിയില്‍ പറയുന്നു. നേരത്തെ നടി മാലാ പാര്‍വ്വതിയും ഹേമ കമ്മിറ്റി അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

ഹേമ കമ്മിറ്റി വിശ്വാസ വഞ്ചന കാണിച്ചെന്നും തങ്ങള്‍ക്ക് ഉണ്ടായ ദുരനുഭവമാണ് മൊഴിയായി നല്‍കിയതെന്നും നടി മാലാ പാര്‍വതി പറഞ്ഞിരുന്നു. മറ്റുളളവര്‍ക്കുണ്ടായ കേട്ടറിവുകള്‍ പറഞ്ഞു. കേസിന് താല്‍പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോര്‍ട്ടില്‍ പേരുപോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നു. സിനിമയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ നിയമനിര്‍മാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരില്‍ കേസെടുക്കുന്നത് ശരിയല്ല. എസ്‌ഐടി ചലച്ചിത്ര പ്രവര്‍ത്തകരെ വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതുകൊണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാലാ പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു.

മാലാ പാര്‍വതിക്കെതിരെ ഡബ്ല്യുസിസിയും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയില്‍ നടി നല്‍കിയ ഹര്‍ജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ഡബ്ല്യുസിസി അപേക്ഷ നല്‍കിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*