ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: വഴിയരികിലെ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും 10 ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ പിഴ തദ്ദേശ വകുപ്പ് സെക്രട്ടറിമാരില്‍ നിന്ന് ഈടാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. തദ്ദേശവകുപ്പ് ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്‌ലെക്‌സുകളുമൊക്കെ നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ 5000 രൂപ പിഴയീടാക്കുമെന്നും സര്‍ക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. കേസ് അടുത്തയാഴ്ച പരിഗണിക്കുമ്പോള്‍ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളു സംബന്ധിച്ച കണക്കുകള്‍ നല്‍കണമെന്നും തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശം നല്‍കി.

വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി സര്‍ക്കാരിലെ ഉന്നതരുടെ അടക്കം ചിത്രങ്ങളും പേരുകളുമാണ് പല ബോര്‍ഡുകളിലുമുള്ളതെന്നും പറഞ്ഞു. തങ്ങളുടെ ചിത്രങ്ങള്‍ അനധികൃതമായി പതിപ്പിക്കരുതെന്ന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറാകുമോയെന്ന് കോടതി ചോദിച്ചു. സിനിമ, മതസ്ഥാപനങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ അടക്കമാണ് അനധികൃതമായി ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത്. സിനിമാ ഫ്‌ലെക്‌സുകളും മറ്റും നീക്കം ചെയ്യാം. മതസ്ഥാപനങ്ങളുടെ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതി നോക്കിക്കൊള്ളാം. എന്നാല്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ സെക്രട്ടറിമാര്‍ക്ക് പേടിയാണ്. അവര്‍ ആക്രമിക്കപ്പെടുന്നതു കൂടാതെ സ്ഥലം മാറ്റുമെന്ന ഭീഷണിയുമുണ്ട്. അത്തരം ഭീഷണിക്ക് വഴങ്ങുന്നവര്‍ ജോലി രാജിവച്ചു പോകണമെന്നും കോടതി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*