ന്യൂഡല്‍ഹി: ചൈനയുടെ ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള പുതിയ ബജറ്റ് 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു. മോട്ടോ ജി35 ഫൈവ് ജി എന്ന പേരിലുള്ള ഫോണില്‍ ഫുള്‍എച്ച്ഡി പ്ലസ് ഡിസ്പ്ലേയും 4കെ റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്ന 50 മെഗാപിക്സല്‍ കാമറയും ക്രമീകരിച്ചിട്ടുണ്ട്.
9,999 രൂപയാണ് വില വരിക. നാലു ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക. ഡിസംബര്‍ 16 മുതല്‍ മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാര്‍ട്ട്, തെരഞ്ഞെടുത്ത റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
6.7-ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിന്റെ പീക്ക് തെളിച്ചവും 60Hz മുതല്‍ 120Hz വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകള്‍. കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോള്‍ബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ട്യൂണ്‍ ചെയ്ത സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റവും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്.
4GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായും വരുന്ന ഫോണിന് UNISOC T760 ചിപ്പാണ് കരുത്ത് നല്‍കുന്നത്. വെര്‍ച്വല്‍ റാം സാങ്കേതികവിദ്യ ഉപയോഗിച്ച്, റാം 12 ജിബി വരെ വികസിപ്പിക്കാം. ഫോട്ടോ ചിത്രീകരണത്തിനായി 4K വീഡിയോ റെക്കോര്‍ഡിങ് ശേഷിയുള്ള 50MP പ്രൈമറി റിയര്‍ കാമറ, 8MP അള്‍ട്രാ വൈഡ് കാമറ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വശത്ത്, സെല്‍ഫികള്‍ക്കായി 16 എംപി സെന്‍സറും ഒരുക്കിയിട്ടുണ്ട്.
13,000 രൂപയില്‍ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5G സ്മാര്‍ട്ട്ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 5,000mAh ബാറ്ററിയോടെ വരുന്ന ഫോണ്‍ 20W വയര്‍ഡ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു. ആന്‍ഡ്രോയിഡ് 14 പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 15 ലേക്ക് അപ്ഗ്രേഡ് ചെയ്യാം. മൂന്ന് വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Be the first to comment