എംജിആറും ശിവാജിയും ജെമിനിയും കമൽ ഹാസനും അടക്കി വാണ തമിഴ് സിനിമ ഉലഗത്തിന്റെ വാതിൽ ചവുട്ടി തുറന്നുകൊണ്ട് 1975 ൽ അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ രജനികാന്ത് എന്ന കറുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കടന്നുവന്നു. അന്നേ വരെ ഇന്ത്യൻ സിനിമ കണ്ടു ശീലിച്ച നായക സങ്കല്പങ്ങൾ അയാളുടെ വരവോടെ തച്ചു തകർക്കപ്പെട്ടു. കമൽഹാസനൊപ്പം അരങ്ങേറിയ രജനി പിന്നീട് പല ചിത്രങ്ങളിലും കമലിന്റെ വില്ലനായും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടു.
1980ൽ ഇറങ്ങിയ ബില്ല എന്ന ചിത്രത്തോടെ ചാർത്തി കിട്ടിയ സൂപ്പർസ്റ്റാർ പട്ടം 4 പതിറ്റാണ്ടുകൾക്ക് ശേഷവും ആ കൈകളിൽ ഭദ്രം. മന്നൻ, ദളപതി,ബാഷ,പടയപ്പ,എന്തിരൻ,കബാലി, ജയിലർ അങ്ങനെ തിരശീലയിൽ തീ പടർത്തിയ ഓരോ രജനി ചിത്രങ്ങളും തെന്നിന്ത്യ ഒരുത്സവമാക്കി. സൂപ്പർസ്റ്റാർ പടം ഉത്സവ സീസണിൽ വരണ്ട. രജനി പടം എപ്പോഴാണോ റിലീസ്, അപ്പോഴാണ് തമിഴർക്ക് ഉത്സവം. സിഗരറ്റ് വായിലേക്ക് എറിഞ്ഞു പിടിയ്ക്കുമ്പോഴും 50 പേരെ അടിച്ചിടുമ്പോഴും എന്തിനേറെ, മുടിയിലൊന്നു തലോടുന്നതിൽ വരെ അദ്ദേഹം കൊണ്ടുവന്ന മാനറിസങ്ങൾ തലമുറകളെ ആവേശം കൊള്ളിച്ചു. എന്നിട്ടും സിനിമക്ക് പുറത്തു താര ജാഡയോ കൃത്രിമമായ വെച്ചുകെട്ടലുകളോ ഇല്ലാത്ത ഒരു ശരാശരി തമിഴന് കണക്റ്റ് ചെയ്യാൻ സാധിക്കുന്ന പച്ച മനുഷ്യനായി രജനി ആരാധകർക്കിടയിൽ നിലകൊണ്ടു. അദ്ദേഹം വെട്ടിയിട്ട പാതയിൽ പിന്നീട് നിരവധിപേർ വന്നു. വിജയ്, പ്രഭുദേവ, ധനുഷ്, ലോറൻസ്, ശിവകാർത്തികേയൻ തുടങ്ങി പലർ വന്നിട്ടും രജനികാന്തിന്റെ സിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ല. റിലീസ് ചെയ്യാനിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം കൂലിയിലെ തലൈവർ സംഭവമെന്തെന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
Be the first to comment