നവീൻ ബാബുവിന്റെ മരണം; കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ CBI വേണമെന്ന് കുടുംബം, കേരളാ പൊലീസിനെ വില കുറച്ച് കാണരുതെന്ന് ഹൈക്കോടതി

മരണപ്പെട്ട കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യ മഞ്ജുഷയുടെ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ സിബിഐ ആവശ്യമുള്ളൂ എന്ന് ഹൈക്കോടതി. ആരാണ് നിലവിലെ അന്വേഷണം നയിക്കുന്നതെന്ന് കോടതി ആരാഞ്ഞു. കുടുംബമടക്കം കൊടുത്ത വിവരാവകാശ അപേക്ഷകൾക്ക് ഇതുവരെ സർക്കാർ മറുപടി നൽകിയിട്ടില്ലെന്നും വിവരങ്ങൾ ലഭ്യമാകുന്നിലെന്നും നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ വ്യക്തമാക്കി.

“വലിയ രാഷ്ടീയ സ്വാധീനമുള്ള വ്യക്തിയാണ് പ്രതി. സത്യസന്ധമായ അന്വേഷണം നടക്കില്ല, സർക്കാർ പ്രതിയെ സംരക്ഷിക്കും. കൃത്യമായ അന്വേഷണം നടക്കണമെങ്കിൽ CBI വേണമെന്ന് ഹർജിക്കാരി കോടതിയിൽ വ്യക്തമാക്കി. എന്നാൽ കേരളാ പൊലീസിനെ വില കുറച്ച് കാണരുതെന്ന് കോടതി പറഞ്ഞു.

എന്നാൽ കേരളാ പൊലീസിനെ വില കുറച്ച് കാണുകയോ അന്വേഷണ സംഘത്തെക്കുറിച്ച് സംശയമോ തങ്ങൾക്കില്ല, നല്ല ടീമാണ് പക്ഷെ ചില രാഷ്ട്രീയ സമ്മർദമൊഴിച്ചാൽ പൊലീസിനെ കുറിച്ച് മോശം അഭിപ്രായമില്ലെന്നും സിബിഐയ്ക്ക് മികച്ച രീതിയിൽ അന്വേഷിക്കാൻ സംവിധാനമുണ്ടെന്നും” ഹർജിക്കാരി കോടതിയിൽ.

വിവാദ പെട്രോൾ പമ്പ് ഉടമ പ്രശാന്തന്റെ പരാതി സംബന്ധിച്ച് മുഖ്യമന്ത്രിക്ക് വിവരാവകാശ അപേക്ഷ നൽകിയിരുന്നു എന്നാൽ അതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല. പ്രതിയെ സംരക്ഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ പ്രതി ജയിലിൽ നിന്ന് ഇറങ്ങിയപ്പോൾ സ്വീകരിക്കാൻ പോയി. പ്രതികൾക്ക് പല പൊലീസുദ്യോഗസ്ഥരുമായി ബന്ധമുണ്ടാകും, അതിലെന്താണ് കുഴപ്പമെന്ന് കോടതി. പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തരുതെന്ന് ജില്ലാ കളക്ടറെ കുടുംബം വിളിച്ചു പറഞ്ഞിരുന്നു. എന്നാൽ ഇത് പരിഗണിച്ചില്ല. പോസ്റ്റ്മോർട്ടം പരിയാരം മെഡിക്കൽ കോളജിൽ തന്നെയാണ് നടത്തിയത്.പോസ്റ്റുമോർട്ടത്തിലെയും ഇൻക്വസ്റ്റിലെയും വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെന്ന് ഹർജിക്കാരി. ഇൻക്വസ്റ്റിൽ കഴുത്തിൽ പാട് ഉണ്ടായിരുന്നു. എന്നാൽ ഇത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇല്ല.
പോസ്റ്റ്മോർട്ടം ശരിയായ രീതിയിലല്ല നടന്നിരിക്കുന്നത്. 55 കിലോ ഭാരമുള്ള നവീൻ ബാബു ചെറിയ കയറിൽ തൂങ്ങിമരിച്ചുവെന്നത് വിശ്വസിക്കാനാവില്ല കൊലപാതകം നടത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് സംശയിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നിതാണെന്നും നവീൻ ബാബുവിന്റെ ഭാര്യ കോടതിയിൽ സൂചിപ്പിച്ചു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഉമിനീര് ഒലിച്ചിറങ്ങിയതായി കണ്ടെത്തിയതായി പറയുന്നുണ്ട് എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യം ഇല്ല പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ഇക്കാര്യം മനപ്പൂർവ്വം വിട്ടുകളഞ്ഞതാണോ എന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു.

അതേസമയം, കണ്ണൂർ ജില്ലാ കളക്ടർ മുൻപ് നൽകിയ മൊഴി മാറ്റിയിട്ടുണ്ടെന്ന കുടുംബത്തിന്റെ ആരോപണത്തിൽ കളക്ടറുടെ ഇന്റഗ്രിറ്റി ചോദ്യം ചെയ്യുന്നോ എന്ന് കോടതി ചോദിച്ചു. രണ്ടു മൊഴി കളക്ടർ നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യവും പരിശോധിച്ച് അന്വേഷണം നടത്തുമെന്നും കൊലപാതകമാണോ എന്ന് അന്വേഷണ സംഘം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

കുടുംബം ഉന്നയിച്ച കൊലപാതക സാധ്യത അടക്കം പരിശോധിക്കുന്നുണ്ടെന്നും സിബിഐ അന്വേഷണം വേണ്ടെന്നുമാണ് സംസ്ഥാന സർക്കാർ നിലപാട്. കോടതി പറഞ്ഞാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐയും അറിയിച്ചിരുന്നു. സിബിഐ ഏറ്റെടുക്കുന്നോ ഇല്ലയോ എന്നതല്ല സിബിഐയക്ക് കൈമാറേണ്ട കാര്യമുണ്ടോ എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജസറ്റീസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*