ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടിൽ നിന്നും പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിലപാട് വ്യക്തമാക്കിയത്.
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്കുമ്പോഴും അന്തിമ അംഗീകാരം നല്കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ വ്യക്തമാക്കി. ഇളവ് തേടി കേരളം നല്കിയ കത്തുകള്‍ 2022 ജൂണ്‍ 7-നും 2024 ജൂലൈ 27-നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി അറിയിച്ചു.
എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി സർബാനന്ദ് സോനോവാൾ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയിൽ കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് നേരത്തെ വ്യക്തമാക്കിയിരുന്നു.
വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടിരൂപ വരെ വേണ്ടിവരും. പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് ധനകാര്യ മന്ത്രാലയം നിർദേശിച്ചിട്ടുള്ളത്. അതേസമയം 2023ല്‍ വിജിഎഫ് അനുവദിച്ച തമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖ പദ്ധതിക്ക് തിരിച്ചടവ് നിബന്ധന കേന്ദ്രസർക്കാർ വെച്ചിട്ടില്ല.
Be the first to comment