ന്യൂഡൽഹി: ചൈനയുടെ ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടോറോളയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോൺ ആയ മോട്ടോ ജി35 ഫൈവ് ജി ഇന്നുമുതൽ വിപണിയിൽ. 9,999 രൂപയാണ് വില വരിക. നാലു ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന ഫോൺ മോട്ടോറോള ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഫ്ലിപ്കാർട്ട്, തെരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ഫോണിൽ ഫുൾഎച്ച്ഡി പ്ലസ് ഡിസ്പ്ലേയും 4കെ റെസല്യൂഷനിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയുന്ന 50 മെഗാപിക്സൽ കാമറയും ക്രമീകരിച്ചിട്ടുണ്ട്. 6.7-ഇഞ്ച് FHD പ്ലസ് ഡിസ്പ്ലേ, 1,000 നിറ്റ്സിന്റെ പീക്ക് തെളിച്ചവും 60Hz മുതൽ 120Hz വരെയുള്ള വേരിയബിൾ റിഫ്രഷ് റേറ്റുമാണ് ഫോണിന്റെ പ്രധാനപ്പെട്ട ഫീച്ചറുകൾ. കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ചാണ് ഡിസ്പ്ലേ പരിരക്ഷിച്ചിരിക്കുന്നത്. ഡോൾബി അറ്റ്മോസ് സറൗണ്ട് സൗണ്ട് ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കർ സിസ്റ്റവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്.
4GB LPDDR4X റാമും 128GB UFS 2.2 സ്റ്റോറേജുമായും വരുന്ന ഫോണിന് UNISOC T760 ചിപ്പാണ് കരുത്ത് നൽകുന്നത്. വെർച്വൽ റാം സാങ്കേതികവിദ്യ ഉപയോഗിച്ച്, റാം 12 ജിബി വരെ വികസിപ്പിക്കാം. ഫോട്ടോ ചിത്രീകരണത്തിനായി 4K വീഡിയോ റെക്കോർഡിങ് ശേഷിയുള്ള 50MP പ്രൈമറി റിയർ കാമറ, 8MP അൾട്രാ വൈഡ് കാമറ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. മുൻവശത്ത്, സെൽഫികൾക്കായി 16 എംപി സെൻസറും ഒരുക്കിയിട്ടുണ്ട്.
13,000 രൂപയിൽ താഴെയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 5G സ്മാർട്ട്ഫോണാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. 5,000mAh ബാറ്ററിയോടെ വരുന്ന ഫോൺ 20W വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 14 പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന ഫോൺ ആൻഡ്രോയിഡ് 15 ലേക്ക് അപ്ഗ്രേഡ് ചെയ്യാം. മൂന്ന് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
Be the first to comment