ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് സന്ദർശിക്കും. ഡിസംബർ 21,22 (ശനി, ഞായർ) ദിവസങ്ങളിലാണ് പ്രധാനമന്ത്രി കുവൈറ്റിലെത്തുക. കുവൈറ്റ് അമീർ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറുമായി അദ്ദേഹം കൂടികാഴ്ച നടത്തും.
ശനിയാഴ്ച സബാ അല്‍ സാലെമിലുളള ഷെയ്ഖ് സാദ് അല്‍ അബ്ദുളള അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോർ സ്പോർട്സ് ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. കുവൈറ്റ് എംബസിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരികയാണ്.
43 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. 1981 ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കുവൈറ്റ് സന്ദർശിച്ചിരുന്നു. ഈ വർഷം അല്ലെങ്കില്‍ അടുത്തവർഷം ആദ്യം മോദി സൗദി അറേബ്യയും സന്ദർശിക്കും. നിരവധി പ്രവാസി ഇന്ത്യാക്കാരുളള ഗള്‍ഫ് രാജ്യമാണ് കുവൈറ്റ്. നിലവില്‍ ഗള്‍ഫ് കോർപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി)അധ്യക്ഷപദവി വഹിക്കുന്ന രാജ്യമാണ് കുവൈറ്റ്. കുവൈറ്റ് വിദേശകാര്യമന്ത്രി അബ്ദുളള അലി അല്‍ ഹയ്യ ഇന്ത്യ സന്ദർശിച്ചപ്പോള്‍ പ്രധാനമന്ത്രിയെ കുവൈറ്റിലേക്ക് ക്ഷണിച്ചിരുന്നു. മോദി ഇതുവരെ സന്ദർശിക്കാത്ത ഗള്‍ഫ് രാജ്യം കൂടിയാണ് കുവൈറ്റ്.
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് കുവൈറ്റ്. കുവൈറ്റില്‍ നിന്നുളള എണ്ണ ഇറക്കുമതിയിലൂടെയാണ് രാജ്യത്തിന്‍റെ ഊർജ ആവശ്യത്തിന്‍റെ 3 ശതമാനം നിറവേറ്റപ്പെടുന്നത്. അഞ്ച് ദശലക്ഷത്തിനടുത്ത് ജനസംഖ്യയുള്ള കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നാണ് ഇന്ത്യൻ സമൂഹം. ഏകദേശം 10 ലക്ഷം ഇന്ത്യക്കാർ കുവൈറ്റിലുണ്ടെന്നാണ് കണക്ക്.
Be the first to comment