‘ഇന്ത്യ ഭാരിച്ച നികുതി ചുമത്തിയാൽ അതേ നികുതി ഞങ്ങളും ചുമത്തും’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്

അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ വലിയ നികുതി ചുമത്തിയാൽ അതേ നികുതി അമേരിക്ക ചുമത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ബ്രസീലും പോലുള്ള രാജ്യങ്ങൾ ചില അമേരിക്കൻ ഉൽപന്നങ്ങൾക്ക് വലിയ തീരുവ ചുമത്തുന്നു. ഇന്ത്യ ഞങ്ങളോട് 100 ശതമാനം ഈടാക്കുകയാണെങ്കിൽ അതേ നികുതി അമേരിക്കയും ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി. വ്യാപാര പങ്കാളിതത്തിൽ പരസ്പര ധാരണ കൂടിയേതീരു എന്നും ട്രംപ് കൂട്ടിച്ചേർത്തു.

അമേരിക്കൻ ഉൽപ്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. നടപ്പ് സാമ്പത്തിക വർഷം 120 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ ഉണ്ടായത്. മിക്കവാറും എല്ലാ യുഎസ് ഉൽപ്പന്നങ്ങൾക്കും ഇന്ത്യ നികുതി ചുമത്തുന്നുണ്ടെന്നും എന്നാൽ അമേരിക്കൻ ഭരണകൂടം അതേപോലെ നികുതി ചുമത്തുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയെ പോലെ ബ്രസീലും വലിയ നികുതി ഈടാക്കുന്നതായി അദ്ദേഹം പറഞ്ഞു. പരസ്പര ധാരണ ഇല്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

ഡോളറിനെതിരെ നീങ്ങിയാല്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 100 ശതമാനം നികുതി ഏർപ്പെടുത്തുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. പുതിയ കറന്‍സി സൃഷ്ടിക്കുകയോ മറ്റ് കറന്‍സികളെ ബ്രിക്‌സ് രാജ്യങ്ങള്‍ പിന്തുണയ്ക്കുകയോ ചെയ്യരുതെന്നും ട്രംപ് പറഞ്ഞു. ഡോളറിനെ സംരക്ഷിക്കുന്നതിനായി കടുത്ത നടപടികളിലേക്ക് പോകുമെന്ന സൂചനകളാണ് ട്രംപ് നല്‍കിയത്.

ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സില്‍ ഉള്‍പ്പെടുന്നത്. കഴിഞ്ഞ മാസം റഷ്യയിലെ കസാനില്‍ നടന്ന സമ്മേളനത്തില്‍ ഡോളർ ഇതര കറന്‍സി ഉപയോഗിച്ച് വ്യാപാരം നടത്തുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. പ്രാദേശിക കറന്‍സികളെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ഈ പദ്ധതി. എന്നാൽ ഇതിന് തടയിടുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*