തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മതേതര കേരളത്തിനെ സംഘപരിവാറിന് ഒറ്റിക്കൊടുക്കാന്‍ വന്ന ആര്‍എസ്എസ് ഏജന്റ് ആണ് പിണറായി വിജയന്‍ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നുവെന്ന് കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
തൃശ്ശൂര്‍ പൂരം കലക്കുകയും ബിജെപിക്ക് ഒരു സീറ്റ് കിട്ടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയും ചെയ്തതില്‍ കേരള പൊലീസിന്റെയും അജിത് കുമാറിന്റെയും നാണംകെട്ട പങ്ക് പൊതുസമൂഹത്തിന് വ്യക്തമായതാണ്. എന്നിട്ടും അതേ ഉദ്യോഗസ്ഥനെ കേരള പൊലീസിന്റെ തലപ്പത്ത് നിയമിക്കാനുള്ള നീക്കം ആര്‍എസ്എസ്സിനെ പ്രീണിപ്പിച്ച് സ്വന്തം തലയിലും മകളുടെ തലയിലുമുള്ള അഴിമതിക്കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ മനസ്സിലാകും.
കേരളത്തെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള നീക്കങ്ങള്‍ വിജയന്‍ നടത്തുമ്പോള്‍ അതിനെതിരെ സിപിഎമ്മില്‍ നിന്നു പോലും ശബ്ദം ഉയരേണ്ടതുണ്ട്. അന്തസ്സും അഭിമാനവും ഉള്ള ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ഉണ്ടെങ്കില്‍ ആര്‍എസ്എസ് പ്രീണനത്തിന്റെ കൂടാരം വിട്ടു പുറത്തു വരാന്‍ ആഹ്വാനം ചെയ്യുകയാണ്. അതുപോലെ തന്നെ ഒരുകാലത്ത് നിലപാടുകളുടെ പേരില്‍ ജനസമ്മതിയുണ്ടായിരുന്ന സിപിഐയുടെ അവസ്ഥയും കേരളം നോക്കിക്കാണുകയാണ്.
രാഷ്ട്രീയ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ സിപിഐക്ക് ഇനി ഇടതുമുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്നുറപ്പാണ്. കേരളത്തെ നാണം കെടുത്തുന്ന പിണറായി വിജയന്റെ സംഘപരിവാര്‍ പ്രീണന നിലപാടുകളെ ബഹുജനങ്ങളെ അണിനിരത്തി രാഷ്ട്രീയമായി നേരിടും. ഈ നാടിനെ വര്‍ഗ്ഗീയവാദികള്‍ക്ക് കാഴ്ചവെക്കാന്‍ ശ്രമിച്ച നാണംകെട്ട രാഷ്ട്രീയക്കാരനായി തന്നെ പിണറായി വിജയനെ ചരിത്രം അടയാളപ്പെടുത്തും. ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കെ സുധാകരന്‍ പറഞ്ഞു.
Be the first to comment