പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംപിമാരുടെ പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അനുരാഗ് സിങ് ഠാക്കൂര്‍, ബാന്‍സുരി സ്വരാജ്, ഹേമാംഗ് ജോഷി എന്നിവരാണ് പൊലീസില്‍ പരാതി സമര്‍പ്പിച്ചത്. എംപിമാരെ കയ്യേറ്റം ചെയ്‌തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതി.

പ്രേരണാക്കുറ്റമുള്‍പ്പെടെയാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഐപിസി സെക്ഷനുകളായ 109, 115, 117, 125, 131, 351 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കേസെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് ഇതുവരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് രാഹുലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. പൊലീസില്‍ മറ്റൊരു പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ പോരാട്ടത്തിലേക്ക് കോണ്‍ഗ്രസും കടക്കുകയാണ്.

ബിആര്‍ അംബേദ്ക്കറുടെ പേരിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. പിടിച്ചുതള്ളിയെന്നും മര്‍ദ്ദിച്ചെന്നും ആരോപിച്ച് ഇരുവിഭാഗവും രംഗത്തെത്തി. ബിജെപി അംഗങ്ങള്‍ ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുതള്ളിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി തള്ളിയിട്ട എംപി ദേഹത്തേക്ക് വീണ് തനിക്ക് പരുക്കേറ്റെന്ന് ഒഡീഷയില്‍ നിന്നുള്ള ബിജെപി എം പി പ്രതാപ് സാരംഗിയും ആരോപിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*