എം.ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മരുന്നുകളോട് പ്രതികരിക്കുന്നു

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. നേരിയ രീതിയിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. കാർഡിയാക് ഐസിയുവിലുള്ള എംടി വിദഗ്ധ ഡോക്ടേഴ്സിന്റെ നിരീക്ഷണത്തിലാണ്. മാസ്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യനില മോശമായത്.

ഇക്കഴിഞ്ഞ 15നാണ് ശ്വാസ തടസ്സത്തെ തുടർന്ന് കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്.

അതിനിടെ എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. അശ്വതിയെ ഫോണിൽ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും രാഹുൽ ഗാന്ധി തിരക്കിയത്. എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*