എക്സൈസ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയാണ് അനുമതിനൽകിയത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് പ്രോസിക്യൂഷൻ നടപടികൾക്കായി ഇഡി ലെഫ്റ്റനൻ്റ് ഗവർണറുടെ അനുമതി തേടിയിരുന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയത്. കേസിൽ മാർച്ച് 21ന് അറസ്റ്റിലായ അദ്ദേഹത്തിന് കഴിഞ്ഞ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ചത്.
കെജ്‌രിവാൾ സർക്കാരിനെതിരേ പ്രതിപക്ഷമായ ബിജെപി ഉന്നയിച്ച ഏറ്റവും വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ അഴിമതി. നേരത്തെ ക്രിമിനൽ കേസിൽ വിചാരണ കോടതി നടപടികൾ തത്കാലം സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഒരു സിറ്റിങ് മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമാണ്. വരുന്ന തിരഞ്ഞെടുപ്പിൽ ഈ വിഷയം പ്രധാന പ്രചരണ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം.
ആം ആദ്മി പാർട്ടി സർക്കാർ നിയോഗിച്ച പ്രത്യേക കമ്മിറ്റിയാണ് 2021-22 എക്‌സൈസ് നയം ഉണ്ടാക്കിയത്. 9,500 കോടി രൂപയുടെ വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു അത്. എന്നാൽ പുതിയ നയം രൂപീകരിച്ചതിനും നടപ്പാക്കിയതിനും പിന്നിൽ കോടികളുടെ അഴിമതി നടന്നുവെന്നായിരുന്നു ഉയർന്ന ആരോപണം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരായ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി 2025 ജനുവരി 17 ന് പരിഗണിക്കും.
Be the first to comment