നികുതി കുറയ്ക്കല്‍ തീരുമാനം പിന്നീട്; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ജിഎസ്‌ടി കൗണ്‍സില്‍ യോഗം ആരംഭിച്ചു

ജയ്‌സാല്‍മീര്‍: ആരോഗ്യ-ജീവന്‍ രക്ഷാ ഇന്‍ഷ്വറന്‍സുകളുടെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനം തത്ക്കാലം കൈക്കൊള്ളേണ്ടതില്ലെന്ന് ജിഎസ്‌ടി കൗണ്‍സില്‍ യോഗം. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഇന്ന് ആരംഭിച്ച ജിഎസ്‌ടി കൗണ്‍സില്‍ യോഗമാണ് ഈ നടപടി കൈക്കൊണ്ടത്. ഇക്കാര്യത്തില്‍ കുറച്ച് കൂടി സാങ്കേതികകള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി. ഇതിനായി മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.

കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സംസ്ഥാന ധനമന്ത്രിമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാരുടേതടക്കമുള്ള ഇന്‍ഷ്വറന്‍സ് പോളിസികളുടെ നികുതി കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യം പരിശോധിക്കുന്ന മന്ത്രിതല സമിതി ഒന്ന് കൂടി യോഗം ചേരണമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പറഞ്ഞു. കുറച്ച് ചര്‍ച്ചകള്‍ കൂടി ആവശ്യമാണെന്നായിരുന്നു മറ്റ് ചില അംഗങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി ജനുവരിയില്‍ മന്ത്രിതല സംഘം ഒരിക്കല്‍ കൂടി യോഗം ചേരും.

സമ്രാട്ട് ചൗധരിയുടെ നേതൃത്വത്തിലാണ് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം ചേര്‍ന്ന മന്ത്രിതലസമിതി യോഗത്തില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെ ജിഎസ്‌ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ധാരണയായിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെയും നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഇതിന് പുറമെ മുതിര്‍ന്ന പൗരന്‍മാരെക്കൂടാതെ അഞ്ച് ലക്ഷം വരെ കവറേജുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പ്രീമിയത്തെയും ജിഎസ്‌ടി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

അഞ്ച് ലക്ഷത്തിന് മുകളില്‍ കവറേജുള്ള ഇന്‍ഷ്വറന്‍സ് പോളിസികളുടെ പ്രീമിയത്തിന് പതിനെട്ട് ശതമാനം ജിഎസ്‌ടി തുടരാനും തീരുമാനിച്ചിരുന്നു. അതേസമയം ഏവിയേഷന്‍ ടര്‍ബന്‍ ഫ്യുവലിനെ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്. കേന്ദ്ര സംസ്ഥാന ജിഎസ്‌ടി വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരടങ്ങിയ ഫിറ്റ്‌മെന്‍റ് സമിതിയുടെ നിരവധി നിര്‍ദേശങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.

ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയുടെ ജിഎസ്‌ടി നിരക്ക് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്ന നിര്‍ദേശമടക്കമുള്ളവ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ഉപയോഗിച്ച വൈദ്യുത വാഹനങ്ങളുടെയും ചെറു പെട്രോള്‍-ഡീസല്‍ കാറുകളുടെയും വില്‍പ്പനയുടെ ജിഎസ്‌ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് പതിനെട്ടാക്കാനും നിര്‍ദേശമുണ്ട്. ഇതോടെ ഇവയുടെ വില പഴയ വലിയ വാഹനങ്ങളുടേതിന് സമാനമാകും.

]

Be the first to comment

Leave a Reply

Your email address will not be published.


*