ചോദ്യ പേപ്പർ ചോർച്ച; പ്രതി ഷുഹൈബ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകി

ചോദ്യപ്പേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസിൽ പ്രതിയായ MS സൊല്യൂഷൻ സിഇഒ മുഹമ്മദ്‌ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഷുഹൈബിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ ഇരിക്കവെയാണ് ഈ നീക്കം. പ്രതി നിലവിൽ ഒളിവിൽ കഴിയുകയാണ്. സ്ഥാപനത്തിലെ ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്.

കൊടുവള്ളിയിലെ MS സൊല്യൂഷനിലും ഷുഹൈബിൻ്റെ വീട്ടിലും ക്രൈംബ്രാഞ്ച് ഇന്നലെ പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്ക്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ തുടങ്ങിയവ പിടിച്ചെടുക്കുകയും ചെയ്തു. പ്രാഥമിക പരിശോധനയിൽ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണ സംഘത്തിന് ഇവയിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

SSLC,പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ഇംഗ്ലീഷ്, കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഈ ചോദ്യ പേപ്പറുകള്‍ MS സൊല്യൂഷന്‍സ് കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ഇതിനോടകം കിട്ടിയിട്ടുണ്ട്. സ്വകാര്യ ടൂഷന്‍ സ്ഥാപന നടത്തിപ്പുകാരുള്‍പ്പെടെയുള്ള വലിയ സംഘം ചോദ്യ പേപ്പര്‍ ചോര്‍ച്ചക്ക് പിന്നിലുണ്ടെന്ന സംശയം അന്വേഷണസംഘത്തിനുണ്ട്. ചോദ്യ പേപ്പര്‍ പ്രവചിച്ചിരുന്ന മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*