പാർലമെന്റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്.
താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല.
എന്നാൽ എന്റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൊകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.ഒരു പുസ്തകം എഴുതിയാൽ തീരാവുന്നതേ ഉള്ളൂ പല മഹാന്മാരുമെന്നും സുരേഷ് ഗോപി പറഞ്ഞു.
ജയസാധ്യതയുള്ളവരെ സ്ഥാനാർത്ഥികൾ ആക്കണം. ജയിക്കുമെന്ന് ഉറപ്പുള്ളവരെ നിർത്തണം. വിജയം മാത്രമേ എല്ലാവരും നോക്കൂ. ശതമാന കണക്കൊന്നും നോക്കില്ല. ജയിക്കുമെന്ന് ഉറപ്പുളവരെ നിർത്തിയാൽ 60 ശതമാനം ശതമാനം സീറ്റ് നേടാം. അല്ലെങ്കിൽ അധ്വാനം പാഴായി പോകും. ആ നിരാശ വളർച്ചയ്ക്കല്ല തളർച്ചക്കാണ് വളം വയ്ക്കുക.
പുതിയ തീരുമാനങ്ങൾ എടുക്കണം. നമ്മൾ അടുത്ത സാധ്യതയാണെന്ന് ജനം പറയുമ്പോൾ അതിന്റെ വാലുപിടിച്ച് പറയാനുള്ള ആർജ്ജവം നമുക്ക് ഉണ്ടാകണം. നമുക്ക് ജയിച്ചേ മതിയാകൂ വിജയം മാത്രമേ ലോകം അംഗീകരിക്കൂ ശതമാനം ഒന്നും ആരും അംഗീകരിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Be the first to comment