മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പട്ടികയിലെ പാകപ്പിഴ; ഇരട്ടിപ്പുള്ള ഒരു പേരും വീണ്ടും ലിസ്റ്റിൽ ആവർത്തിക്കില്ല, മന്ത്രി കെ രാജൻ

മുണ്ടക്കൈ- ചൂരൽമല പുനരധിവാസ പട്ടികയിലെ ഇരട്ടിപ്പ് കൃത്യമായി പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇരട്ടിപ്പ് വന്ന ഒരു പേരുകളും പട്ടികയിൽ ഇനി ഉണ്ടാകില്ല, തയ്യാറാക്കിയ ലിസ്റ്റിൽ ഉണ്ടായിരിക്കുന്ന പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഒരു ചെറിയ കാര്യമായി കാണുന്നില്ലെന്ന് മന്ത്രി  പറഞ്ഞു.

പുറത്തു വന്ന ലിസ്റ്റ് ഉദ്യോഗസ്ഥ തലത്തിൽ മാത്രമല്ല ജില്ലാ കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ വൈസ് ചെയർമാനും എല്ലാ വകുപ്പുകളുടെയും മേധാവികളും ഉൾപ്പെടുന്ന DDMA പരിശോധിച്ച ശേഷമാണ് ഈ റിപ്പോർട്ട് പുറത്തുവന്നിട്ടുള്ളത്.ജില്ലാ ഭരണകൂടം തയ്യാറാക്കിയ കണക്കും മേപ്പാടി ഗ്രാമ പഞ്ചായത്ത് തയ്യാറാക്കിയിട്ടുള്ള ലിസ്റ്റും തമ്മിൽ യോജിപ്പിച്ചപ്പോൾ ചില പേരുകളിൽ ഇരട്ടിപ്പുണ്ടായി മറ്റുചിലരുടെ ഫോൺ നമ്പർ തന്നെ വ്യത്യസ്തമായി രേഖകളിൽ വരുന്ന സാഹചര്യം ഉണ്ടായി. ഇരട്ടിപ്പുണ്ടായത് ഉദ്യോഗസ്ഥന്മാരുടെ ഗൗരവകുറവാണെങ്കിൽ കർശനമായിട്ടുള്ള ഇടപെടലുമായി സർക്കാർ മുന്നോട്ട് പോകും, മന്ത്രി വ്യക്തമാക്കി.

അപകട മേഖലയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പുനരധിവാസം രണ്ടാംഘട്ടത്തിലായിരിക്കും. സാങ്കേതികമായ ഇരട്ടിപ്പ് ഒറ്റയടിക്ക് DDMA ചേർന്ന് ഒഴിവാക്കാൻ സാധിക്കുന്നതാണ്. ലിസ്റ്റിൽ വിട്ടുപോയ പേരുകൾ, അനധികൃതമായി കടന്നുകൂടിയവർ ഇതൊക്കെ പരിഹരിക്കാനായി ജനുവരി 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ സമയം കഴിഞ്ഞാൽ സബ് കളക്ടർ ഒരു തദ്ദേശ ഉദ്യോഗസ്ഥനെയും റവന്യൂ ഉദ്യോഗസ്ഥനെയും സാന്നിധ്യത്തിൽ നേരിട്ട് പോയി ഇടങ്ങൾ പരിശോധിച്ച് ബോധ്യപ്പെട്ട് DDMA കൂടിയാണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരു തരത്തിലെ ആശങ്കയും ഇക്കാര്യത്തിൽ വേണ്ട. ഇക്കാര്യങ്ങളിൽ പരാതികൾ ഉണ്ടെങ്കിൽ മന്ത്രിയുടെ ഓഫിസുമായോ സർക്കാരുമായോ ബന്ധപ്പെടേണ്ട സാഹചര്യം ഉണ്ടാകുന്നത്. ലയങ്ങളിൽ താമസിക്കുന്നവരടക്കമുള്ള ഒരു ദുരന്ത ബാധിതരായ ഒരാളെപ്പോലും ലിസ്റ്റിൽ വിട്ടുപോകില്ല. കരടെന്ന ലിസ്റ്റ് ഇനി തെളിമയുള്ള ലിസ്റ്റായി തന്നെ വീണ്ടും എത്തുമെന്ന് മന്ത്രി ഉറപ്പു നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*