എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമർശത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല, ചർച്ച നടക്കുന്നത് മാധ്യമങ്ങളിൽ മാത്രമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തതെന്നും ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ സാമുദായിക സംഘടനകളുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.മന്നംജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനം ഉണ്ട്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ട്ടമാണ്. കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ല തിരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം 2026 ൽ അധികാരത്തിൽ എത്തുക എന്നതാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് വേദിയിലേക്കുള്ള ക്ഷണം കോൺഗ്രസിനുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഹൈന്ദവ സംഘടനകൾക്കിടയിൽ സംഘപരിവാർ നുഴഞ്ഞുകയറിയപ്പോൾ എൻഎസ്എസ് നേതൃത്വം ധീരമായി നിലപാട് സ്വീകരിച്ചു എന്നും സതീശൻ പ്രശംസിക്കുകയുണ്ടായി. മാത്രമല്ല വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തെ സ്വാഗതം ചെയ്യുന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്.
Be the first to comment