പന്തളം നഗരസഭ ഭരണം നിലനിര്‍ത്തി ബിജെപി. മുതിര്‍ന്ന അംഗം അച്ചന്‍കുഞ്ഞ് ജോണ്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. ഒന്‍പത് വോട്ടുകള്‍ക്കെതിരെ 19 വോട്ടുകള്‍ക്കായിരുന്നു വിജയം. ചെയര്‍പേഴ്‌സണ്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സനും അവിശ്വാസപ്രമേയത്തിന് മുന്‍പ് രാജിവച്ചതോടെയാണ് പുതിയ ചെയര്‍മാന്‍ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഇടഞ്ഞുനില്‍ക്കുന്ന വിമതരെ ഒപ്പം നിര്‍ത്താന്‍ ആയതാണ് ബിജെപിയുടെ വിജയത്തിന്റെ രഹസ്യം. എല്‍ഡിഎഫിന്റെ അവിശ്വാസപ്രമേയത്തില്‍ മുന്‍പ് ഒപ്പിട്ട കൗണ്‍സിലര്‍ കെ വി പ്രഭയും അദ്ദേഹത്തെ അനുകൂലിക്കുന്ന രണ്ട് കൗണ്‍സിലര്‍മാരും ബിജെപി സ്ഥാനാര്‍ഥി അച്ചന്‍കുഞ്ഞ് ജോണിന് അനുകൂലമായി വോട്ട് ചെയ്തു. സ്വതന്ത്ര അംഗം രാധാകൃഷ്ണന്‍ ഉണ്ണിത്താന്‍ കൂടി പിന്തുണച്ചതോടെ ബിജെപിക്ക് 19 വോട്ടുകള്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലസിത ടീച്ചര്‍ അവരുടെ ഒമ്പതോട്ടുകള്‍ കൃത്യമായി തന്നെ പെട്ടിയിലാക്കി.
അതിനിടെ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പുമായി യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നു .മുന്‍ തീരുമാനത്തിന് വിരുദ്ധമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗം കെ ആര്‍ രവി തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു .പക്ഷേ കോണ്‍ഗ്രസിലെ മറ്റു നാലുപേര്‍ ബഹിഷ്‌കരിക്കുകയായിരുന്നു. നേരത്തെ പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലാണ് ബിജെപി അവരുടെ കൗണ്‍സിലര്‍മാരെ നഗരസഭയിലേക്ക് എത്തിച്ചത്.
Be the first to comment