‘ഗൂഡാലോചന സംശയിക്കുന്നു, സംഘപരിവാറിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയോ ആരും പാലക്കാട് കാരൾ തടഞ്ഞിട്ടില്ല’: കെ സുരേന്ദ്രൻ

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കാരൾ തടയാൻ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ ഗൂഡാലോചനയും സംശയിക്കുന്നുണ്ട്. ശക്തമായ നടപടി ഈ സംഭവത്തിൽ വേണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

അടുത്തിടെ ബിജെപി വിട്ടുപോയവർ ഇതിനു പിന്നിൽ ഉണ്ടോയെന്ന് പരിശോധിക്കണം. ഈ സംഭവത്തിൽ കർശന നടപടി വേണം. ശരിയായ ഗൂഡാലോചന ഇതിൽ നടന്നിട്ടുണ്ട്. ബി ജെ പിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നിൽ ഉണ്ടെങ്കിൽ പോലും പാർട്ടിയിൽ ഉണ്ടാവില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് ഇതിനു പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. ബിഷപ്പുമാൻ ളോഹയിട്ട ഭീകരന്മാർ എന്നു പറഞ്ഞ വയനാട് ജില്ലാ പ്രസിഡന്റിനെ പാർട്ടിയിൽ നിന്നും പുറത്താക്കിട്ടുണ്ട്. മൂന്നുമാസത്തിനകം ഇയാളെ കോൺഗ്രസ് മാലയിട്ടു സ്വീകരിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.

അതേസമയം സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി. പാലക്കാട് തത്തമംഗലം GBUP സ്‌കൂളിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട് സ്ഥാപിച്ചത്.

ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം ഇന്ന് സ്‌കൂളിലെത്തിയ അധ്യാപകരാണ് പുൽക്കൂട് അജ്ഞാതർ തകർത്തതായി കണ്ടെത്തിയത്. സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി.

അതേസമയം പാലക്കാട് ചിറ്റൂർ നല്ലേപിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുന്നതിൽ കലിപൂണ്ടെത്തിയ സംഘടനാ ജില്ലാ സെക്രട്ടറിയും 3 പേരും ചേർന്ന് സ്കൂളിലെ പ്രധാന അധ്യാപികയെയും അധ്യാപികമാരെയും ആഘോഷം ചോദ്യം ചെയ്ത് സംഘം അസഭ്യം പറഞ്ഞു.

കുട്ടികളുടെയും അധ്യാപകരുടെയും വേഷത്തെ ചോദ്യം ചെയ്ത ഇവർ ‘ക്രിസ്മസ് വേണ്ട നിങ്ങൾ ഇനിമുതൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി’യെന്നും പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.

ഇതിനിടെ സ്കൂളിലേക്ക് എത്തിയ വിശ്വഹിന്ദു പരിഷത്തിൻ്റെ മൂന്ന് പ്രവർത്തകർ പ്രധാന അധ്യാപികയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകരെയും പ്രധാനാധ്യാപികയെയും അസഭ്യം പറയുകയുമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി വിദ്യാർഥികൾ ധരിച്ച വസ്ത്രത്തെയും ഇവർ ചോദ്യം ചെയ്തു. തുടർന്ന് ഇനി മുതൽ സ്കൂളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാൽ മതിയെന്നും പറഞ്ഞു.

ഇതോടെ ഭീതിയിലായ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറയൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*