ഇന്ത്യൻ ഓൺലൈൻ വിനോദരംഗത്ത് വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്, ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിലൊന്നായ WWE യുടെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ഇതോടെ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ തുടങ്ങിയ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത മത്സരമാണ് ഉണ്ടാകുന്നത്.
WWE യുടെ ഉടമകളായ ടികെഒ ഗ്രൂപ്പുമായി നെറ്റ്ഫ്ലിക്സ് പത്ത് വർഷത്തെ കരാർ ഒപ്പിട്ടിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. WWE യുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശം സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സിൽ നിന്നാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുന്നത് . അഞ്ചൂറ് കോടി ഡോളറിന്റെ ഈ കരാർ ആഗോളതലത്തിലുള്ള WWE യുടെ സംപ്രേക്ഷണാവകാശത്തിന്റെ ഭാഗമാണ്. ഇന്ത്യയിൽ ഇതുവരെ കായിക പരിപാടികൾ സ്ട്രീം ചെയ്തിട്ടില്ലാത്ത ഈ ഓൺലൈൻ പ്ലാറ്റ്‌ഫോം ഇപ്പോൾ ഇന്ത്യൻ കായികരംഗത്തു കൂടുതൽ ശക്തമായി ഇടപെടാനാണ് ശ്രമിക്കുന്നത്.
സോണി പിക്ചേഴ്സ് നെറ്റ്‌വർക്ക്സുമായി WWE 2020ൽ 21 കോടി ഡോളറിന്റെ അഞ്ച് വർഷത്തെ കരാർ ഒപ്പ് വെച്ചിരുന്നു. ഇത് 2025 മാർച്ചിന് ശേഷം അവസാനിക്കും. 2025 മാർച്ചിന് ശേഷം ഈ സംപ്രേക്ഷണാവകാശ സോണിയിൽ നിന്ന് നെറ്റ്ഫ്ലിക്സിന് ലഭിക്കും. 2025 ജനുവരി മുതൽ യുഎസ്, കാനഡ, യുകെ, ദക്ഷിണ അമേരിക്കയിലും, ഏപ്രിൽ മുതൽ ഇന്ത്യയിലും WWE പരിപാടികൾ സ്ട്രീം ചെയ്യും, ഇത് ഇന്ത്യൻ വിപണിയിലെ കടുത്ത മത്സരത്തിൽ നെറ്റ്ഫ്ലിക്സിനെ കൂടുതൽ ശക്തമാക്കും.
2025 മുതൽ WWE യുടെ പ്രധാന പരിപാടികൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാകും. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകർക്ക് പ്രിയപ്പെട്ട ഡിസ്നി+ ഹോട്ട്‌സ്റ്റാർ, ജിയോസിനിമ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്കെതിരെ നെറ്റ്ഫ്ലിക്സ് ഒരു വലിയ വെല്ലുവിളിയാകുമെന്നുള്ള കാര്യം തീർച്ചയാണ്.
Be the first to comment