സാമ്പത്തിക മേഖലയിലെ എഐ ഉപയോഗം; ചട്ടങ്ങളുണ്ടാക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ച് റിസര്‍വ് ബാങ്ക്

മുംബൈ: സാമ്പത്തിക മേഖലയില്‍ എഐ (നിര്‍മ്മിത ബുദ്ധി) ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കാന്‍ ഒരു എട്ടംഗ സമിതിക്ക് രൂപം നല്‍കിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഈ മാസത്തെ നാണ്യ നയ യോഗത്തിലാണ് സമിതി പ്രഖ്യാപിച്ചത്. ബോംബെ ഐഐടിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പ്രൊഫസര്‍ പുഷ്‌പക് ഭട്ടാചാര്യ അധ്യക്ഷനായ സമിതിയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

സാമ്പത്തിക സേവന മേഖലയില്‍ ആഗോളതലത്തിലും ഇന്ത്യയിലും നിലവില്‍ നിര്‍മ്മിത ബുദ്ധി നല്‍കുന്ന സേവനങ്ങള്‍ സമിതി പരിശോധിക്കും.ആഗോളതലത്തില്‍ സാമ്പത്തിക മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ മേല്‍നോട്ട നിയന്ത്രണ സമീപനങ്ങള്‍ സമിതി പുനഃപരിശോധിക്കും. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും സമിതി പരിശോധിക്കും. എന്തെങ്കിലും കണ്ടെത്തിയാല്‍ ഇക്കാര്യം പുനഃപരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്‍റെ ആഘാതം കുറയ്ക്കാനുള്ള നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

ബാങ്കുകള്‍, എന്‍ബിഎഫ്‌സികള്‍, ഫിന്‍ടെക്കുകള്‍, പിഎസ്‌ഒകള്‍ തുടങ്ങിയവയ്ക്ക് ആവശ്യമായ നിയന്ത്രണ ചട്ടക്കൂടുകളും സമിതി തയാറാക്കും. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ഉത്തരവാദിത്തമുള്ള ധാര്‍മ്മികമായ നിര്‍മ്മിത ബുദ്ധി മാതൃകകള്‍ക്കുള്ള ശുപാര്‍ശകളും സമിതിയില്‍ നിന്നുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.

ദേബാജനി ഘോഷ് (റിസര്‍വ് ബാങ്ക് ഇന്നോവേഷന്‍ ഹബ്ബ് ഇന്‍ഡിപെന്‍ഡന്‍റ് മേധാവി), ബാലാറാം രവീന്ദ്രന്‍ (ഐഐടി മദ്രാസ് വദ്വലാനി സ്‌കൂള്‍ ഓഫ് ഡേറ്റ സയന്‍സ് ആന്‍ഡ് എഐ പ്രൊഫസറും തലവനും), അഭിഷേക് സിങ് (ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി), രാഹുല്‍ മാത്ഹന്‍ (പാര്‍ട്ട്ണര്‍, ട്രൈലീഗല്‍), അന്‍ജാനി റാത്തോഡ് (ഗ്രൂപ്പ് ഹെഡ് ആന്‍ഡ് ചീഫ് ഡിജിറ്റല്‍ എക്‌സ്‌പീരിയന്‍സ് ഓഫീസര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്), ശ്രീഹരി നഗരലു (ഹെഡ് ഓഫ് സെക്യൂരിറ്റി എഐ റിസര്‍ച്ച്, മൈക്രോസോഫ്റ്റ് ഇന്ത്യ), സുവേന്ദു പാടി (സിജിഎം, ഫിന്‍ടെക് ഡിപ്പാര്‍ട്ട്മെന്‍റ്, ആര്‍ബിഐ) എന്നിവരാണ് സമിതി അംഗങ്ങൾ. ആദ്യ യോഗത്തിനു ശേഷം ആറ് മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*