നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കും. സീറ്റുകളുടെ എണ്ണം വർധിപ്പിച്ചാണ് ബസ് നിരത്തുകളിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുന്നത്. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി.
1.16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. നേരത്തേ നവകേരള ബസ്, ഗരുഡ പ്രീമിയം ലക്ഷുറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തിയിരുന്നു. അത് നഷ്ടത്തിലാണ് കലാശിച്ചത്. 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലായിരുന്നു ബസ്. യാത്രക്കാർ കുറഞ്ഞ് സർവീസ് നഷ്ടത്തിലായതോടെ രൂപം മാറ്റാനായി ബെംഗളൂരുവിലേക്ക് ബസ് കൊണ്ടുപോയത്.
നവകേരള സദസിന് ശേഷം ബസ് സർവീസ് തുടങ്ങുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ഇരിക്കാൻ ഉപയോഗിച്ച സീറ്റ് ഡബിൾ സീറ്റാക്കി മാറ്റിയിരുന്നു. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ, ലെഗേജ് കാര്യർ സംവിധാനങ്ങളായിരുന്നു ബസിനുള്ളത്. കഴിഞ്ഞ ജൂലായ്ക്കുശേഷം സർവീസ് നടത്തിയിരുന്നില്ല. മേയ് ആറിനാണ് നവകേരളബസ് കെ.എസ്.ആർ.ടി.സി. സർവീസാക്കി മാറ്റിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിലായിരുന്നു സർവീസ് നടത്തിയിരുന്നത്. പുലർച്ചെ നാലിനായിരുന്നു ബസ് കോഴിക്കോട്ട് നിന്ന് പുറപ്പെട്ടിരുന്നത്. എന്നാൽ ബസ് വീണ്ടും പുറത്തിറങ്ങുമ്പോൾ സമയംമാറ്റുമോ എന്നകാര്യത്തിൽ തീരുമാനമായിട്ടില്ല.
Be the first to comment