മന്‍മോഹന്‍ സിങ്ങിന്റെ മരണം; ഏഴു ദിവസം ദേശീയ ദു:ഖാചരണം, സംസ്‌കാരം നാളെ

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ ഏഴു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിക്കും. വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കും. രാവിലെ 11 മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ദുഃഖാചരണം സംബന്ധിച്ച തീരുമാനം ഔദ്യോഗികമായ പ്രഖ്യാപിക്കും.

അതേസമയം, മന്‍മോഹന്‍സിങ്ങിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച സംസ്‌കരിക്കും.

മന്‍മോഹന്‍സിങ്ങിനോടുള്ള ആദരസൂചകമായി സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.

ഇന്നലെ രാത്രി എയിംസിലാണ് മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം സംഭവിച്ചത്.ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ മന്‍മോഹന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു, 2024-ന്റെ തുടക്കം മുതല്‍ ആരോഗ്യം അത്ര സുഖകരമായിരുന്നില്ല. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി.

2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് ഈ വര്‍ഷം ആദ്യമാണ് രാജ്യസഭയില്‍നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ പ്രതിഷ്ഠിച്ച മന്‍മോഹന്‍ അഭൂതപൂര്‍വമായ സാമ്പത്തിക വളര്‍ച്ചയും എംജിഎന്‍ആര്‍ഇജിഎ, വിവരാവകാശ നിയമവും പോലുള്ള സുപ്രധാന സാമൂഹിക പരിഷ്‌കാരങ്ങളുടെ സമാരംഭവും പ്രധാനമന്ത്രിപദത്തില്‍ അടയാളപ്പെടുത്തി.

Be the first to comment

Leave a Reply

Your email address will not be published.


*