ബോക്‌സ് ഓഫിസില്‍ കുതിച്ച് ‘മാര്‍ക്കോ’; ഉത്തരേന്ത്യയില്‍ റെക്കോര്‍ഡുകള്‍ മറികടന്ന് ചിത്രം

ഉണ്ണി മുകുന്ദന്‍റെ വെടിക്കെട്ട് ആക്ഷന്‍ സിനിമ ‘മാര്‍ക്കോ’ മലയാള സിനിമാ വ്യവസായത്തില്‍ നിന്നും ബോക്‌സ് ഓഫീസില്‍ പുതിയ നാഴിക കല്ലുകള്‍ സൃഷ്‌ടിക്കുകയാണ്. സിനിമ റിലീസായി ഒരാഴ്‌ച പിന്നിടുമ്പോള്‍ ആഗോളതലത്തില്‍ 50 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നേടിയത്. മാത്രമല്ല ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഏറ്റവും വരുമാനം നേടിയ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ‘മാര്‍ക്കോ’.

ഈ രീതി തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിതം 100 കോടി കടക്കുമെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് നല്‍കുന്ന സൂചന. മാത്രമല്ല ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷനാണ് ‘മാര്‍ക്കോ’യിലൂടെ നേടുന്നത്.

ഡിസംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ചിത്രം 50 കോടി ക്ലബില്‍ എത്തിയെന്ന വിവരം ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും പങ്കുവയ്ക്കുന്നുണ്ട്.

അവധിക്കാലവും ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്ന അഭിപ്രായം കണക്കിലെടുത്തും മാര്‍ക്കോ ബോക്‌സ് ഓഫിസില്‍ നേട്ടങ്ങള്‍ കൊയ്യുമെന്ന് തന്നെയാണ് ട്രാക്കര്‍മാരായ സാക്‌നില്‍ക് സൂചിപ്പിക്കുന്നത്.

സിനിമ റിലീസായി ഒരാഴ്‌ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്നുമാത്രം 27.55 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഓപ്പണിംഗ് ഡേയില്‍ 4.3 കോടിയാണ് ചിത്രം നേടിയത് എന്നാല്‍ രണ്ടാം ദിനത്തില്‍ 4.65 കോടി .814 ശതമാനമായി വര്‍ധിച്ചു. മൂന്നാം ദിവസമായപ്പോഴേക്കും 5.2 കോടി രൂപയാണ് ചിത്രം നേടിയത്. 11.83 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായി. നാലാം ദിവസത്തില്‍ 3.9 കോടി രൂപ, അഞ്ചാം ദിവസത്തില്‍ 3.5 കോടി രൂപ, ആറാം ദിവസത്തില്‍ 3.5 കോടി രൂപ, ഏഴാം ദിവസത്തില്‍ 2.5 കോടി രൂപ എന്നിങ്ങനെയാണ് കണക്കുകള്‍.

ഇന്ത്യയിലെ വിവിധയിടങ്ങളിലെ ഒരാഴ്‌ചയ്ക്കുള്ളിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി രാവിലെയുള്ള ഷോയില്‍ 29.94 ശതമാനം, ഉച്ചയ്ക്ക് 47.62 ശതമാനം, വൈകുന്നേരം 49.03, രാത്രി 62.84 ശതമാനം എന്നിങ്ങനെയാണ്.

എ – റേറ്റഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ മാര്‍ക്കോയുടെ ജനപ്രീതി ഇപ്പോള്‍ ചര്‍ച്ചാ വിഷമാവുകയാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷമെത്തിയ ആക്ഷന്‍ ചിത്രങ്ങളിലൊന്നായ കില്‍ (ഹിന്ദി) ലൈഫ് ടൈം കളക്ഷന്‍ 47 കോടി രൂപയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് മാര്‍ക്കോ മറികടന്നത്.

മലയാളത്തിന് പുറമെ ഉത്തേരേന്ത്യയിലും ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പ്രദര്‍ശനത്തിന് എത്തിയിരുന്നു. തെലുഗു പതിപ്പ് ജനുവരി ഒന്നിന് തിയേറ്ററുകളില്‍ എത്തും.

ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

വലിയ ഹൈപ്പോടെയാണ് മാര്‍ക്കോ തിയേറ്ററുകളില്‍ എത്തിയത്. ആദ്യദിനത്തില്‍ ഇന്ത്യയില്‍ നിന്നും നേടിയിരുന്നത് 10 കോടി രൂപയാണ്. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ർഘ്യം.

‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്. പശ്ചാത്തല സംഗീതം അതിഗംഭീരമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാര്‍ക്കോ. വില്ലന്‍ വേഷത്തിലെത്തിയ അഭിമന്യു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്‌ചവച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യു എത്തിയത്.

സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*