ടെലികോം കമ്പനികൾ ഇന്റർനെറ്റ് ഡേറ്റ വാങ്ങാൻ ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. വോയ്‌സ് കോളിനും എസ്.എം.എസിനും മാത്രമായി റീചാർജ് പ്ലാനുകൾ വേണമെന്ന് ട്രായ് ആവശ്യപ്പെട്ടു. ഇന്റർനെറ്റ് ഡേറ്റ ആവശ്യമില്ലാത്ത ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് റീചാർജ് ഓപ്ഷൻ നൽകാനാണ് നീക്കം.
ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേഷൻ നിയമത്തിൽ വരുത്തിയ പുതിയ ദേദഗതിയിലാണ് ഇക്കാര്യം പറയുന്നത്. ആവശ്യമില്ലാതെ ഡേറ്റ വാങ്ങുന്നതിന് പകരം ആവശ്യമുള്ള സേവനത്തിന് മാത്രം പണം ചെലവഴിക്കാൻ ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്നതാണ് പുതിയ ഭേദഗതി. പ്രത്യേക റീചാർജ് കൂപ്പണുകളുടെ പരിധി നിലവിലെ 90 ദിവസത്തിൽ നിന്ന് 365 ദിവസത്തേക്ക് ഉയർത്താനും പുതിയ നിയമത്തിലൂടെ ടെലികോം കമ്പനികൾ നിർബന്ധിതരാക്കുന്നതാണ്.
കുറഞ്ഞത് 10 രൂപയുടെ റീചാർജ് ഓപ്ഷൻ നിർബന്ധമായും വേണമെന്ന് നിയമം അനുശാസിക്കുന്നു. ഏത് തുകക്കും റീചാർജ് വൗച്ചറുകൾ നൽകാൻ പുതിയ നിയമമാറ്റം അനുവദിക്കുന്നുണ്ട്. ട്രായിയുടെ പുതിയ നീക്കം വൻകിട ടെലികോം കമ്പനികളെ കാര്യമായി ബാധിച്ചേക്കാം. എന്നാൽ പുതിയ പ്ലാനുകൾ വരുന്നത് ആവശ്യമില്ലാതെ ഡേറ്റക്കായി പണം ചെലവഴിക്കുന്നവർക്കും ഡേറ്റ ഉപയോഗിക്കാത്തവർക്കും വലിയ ആശ്വാസം നൽകുന്നതാണ്.
Be the first to comment