‘വിടവാങ്ങിയത് രാജ്യത്തിന്‍റെ അഭിമാനമായ നേതാവ്’; മന്‍മോഹന്‍ സിങ്ങിനെ അനുസ്‌മരിച്ച് പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍റെ വിടവാങ്ങല്‍ രാജ്യത്തിനും അന്തര്‍ദേശീയ തലത്തിലും തലയെടുപ്പുള്ള വലിയൊരു നേതാക്കന്മാരില്‍ ഒരാളുടെ വിടവാണ് ഉണ്ടാക്കുന്നതെന്ന് മുസ്‌ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് അദ്ദേഹം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പികെ കുഞ്ഞാലിക്കുട്ടി.

ആദ്യ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയില്‍ എന്നുള്ള നിലയ്‌ക്ക് തുടങ്ങിയ അദ്ദേഹത്തിന്‍റെ സാമ്പത്തിക പരിഷ്‌കാരം കുറേകൂടി നേരത്തെ തുടങ്ങിയിരുന്നുവെങ്കില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്ക് ഇന്നത്തേതിനേക്കാള്‍ കൂടുതലാകുമായിരുന്നു. ലോകത്ത് എല്ലാ രാജ്യങ്ങളും സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കിയപ്പോള്‍ ഇന്ത്യ മടിച്ച് നിന്നപ്പോള്‍ നമ്മുക്ക് വലിയെ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. കരുതല്‍ ധനശേഖരം പോലും മൈനസായ സ്ഥിതിയായിരുന്നു രാജ്യത്ത്. ആ ദുരവസ്ഥയില്‍ നിന്നും രാജ്യത്തെ രക്ഷിച്ചത് മന്‍മോഹന്‍ സിങ്ങിന്‍റെ വൈദഗ്‌ധ്യം ഒന്നുകൊണ്ട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ചില കാര്യങ്ങളില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ചെയ്‌ത കാര്യങ്ങളാണ് രാജ്യത്തെ ഇത്രയും ഉന്നതിയില്‍ എത്തിച്ചത്. കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടായിരുന്ന കാലത്ത് സാമ്പത്തിക ഉപദേഷ്‌ടാവ് എന്ന നിലയിലാണ് മന്‍മോഹന്‍ സിങ്ങിനെ കണ്ടത്. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്ന് മന്‍മോഹന്‍ സിങ് അന്ന് പറഞ്ഞിരുന്നുവെന്നും കേരള സര്‍ക്കാരിന് അദ്ദേഹത്തിന്‍റെ കാലത്ത് വലിയ സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കേരളത്തിന് സാമ്പത്തിക സഹായം നിരവധി ലഭിച്ചിട്ടുണ്ട്. ഇന്ന് വലിയ ദുരന്തം നേരിട്ടിട്ടും നയാപൈസ കിട്ടാത്ത സാഹചര്യമാണ്. എന്നാല്‍ മന്‍മോഹന്‍ സിങ്ങിന്‍റെ രീതി മറ്റൊന്നായിരുന്നു. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരോ നോക്കാന്മാരോ എന്തെങ്കിലും പറഞ്ഞാല്‍ അത് മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും തക്കതായ തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്‌തിരുന്നു. അതിന്‍റെയെല്ലാം ഫലം മികച്ച റിസള്‍ട്ടുകളായിരുന്നു.

അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് വേഗത്തില്‍ പല കാര്യങ്ങളും നേടിയെടുക്കാന്‍ സാധിച്ചത്. അങ്ങനെ കേരളത്തിനും രാജ്യത്തിനും വലിയ സംഭാവന ചെയ്‌ത വ്യക്തിയാണ് മന്‍മോഹന്‍ സിങ്. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയില്‍ ലോക രാജ്യങ്ങളോട് മത്സരിക്കാന്‍ ഇന്ത്യയെ പ്രാപ്‌തമാക്കിയതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.

അതിനെല്ലാം പുറമെ മിത ഭാഷിയും മാന്യനും ആരെയും നോവിക്കാത്ത വാക്കുകളുമായി എല്ലാ കാര്യങ്ങളിലും ഒരു സമന്വയം സൃഷ്‌ടിച്ച് കൊണ്ട് കടന്നുപോയ മന്‍ മോഹന്‍ സിങ് ഒരു ചരിത്ര പുരുഷന്‍ തന്നെയാണ്. ഇന്ത്യയുടെ മതേതരത്വത്തിന്‍റെയും ഐക്യത്തിന്‍റെയും വലിയ ഉദാഹരണമാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്.

അക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നന്ദി പറയുകയാണ്. ഇത്രയും നല്ലൊരു നേതാവിനെ കൊണ്ടുവന്ന് പ്രധാനമന്ത്രി പദത്തിലെത്തിച്ചത് സോണിയ ഗാന്ധിയും കോണ്‍ഗ്രസുമാണ്. അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ രാജ്യം ദുഃഖിക്കുമ്പോള്‍ താനും അതില്‍ പങ്കുച്ചേരുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*