യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചു; ആകാശയ്ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിലാണ് നടപടി. സെപ്തംബർ 6 ന് ബെംഗളൂരു വിമാനതാവളത്തിലായിരുന്നു സംഭവം. പുനെയ്ക്ക് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമായിരുന്നു. എന്നാൽ അടിയന്തിരമായി ഉണ്ടായ അറ്റകുറ്റപ്പണികൾ കാരണം മറ്റൊരു വിമാനം ഏർപ്പെടുത്തി. ഇതിൽ എല്ലാ യാത്രക്കാരെയും ഉൾക്കൊള്ളുവാനുള്ള സൗകര്യമുണ്ടായിരുന്നില്ല. തുടർന്നാണ് ഏഴ് യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചത്.

അന്നേ ദിവസം തന്നെ രണ്ട് മണിക്കൂർ കഴിഞ്ഞ് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ യാത്രക്കാർക്ക് സൗകര്യം ഒരുക്കി നൽകി. പക്ഷേ യാത്രക്കാർക്ക് നഷ്ടപരിഹാരമൊന്നും നൽകിയില്ല. തുടർന്നാണ് ഡിജിസിഎ ഇടപെടൽ. ഡിജിസിഎ മാനദണ്ഡങ്ങൾ പ്രകാരം യാത്രക്കാർക്ക് അടിസ്ഥാന നിരക്കിന്‍റെ 200 ശതമാനം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. എന്നാൽ ഇത് നൽകാൻ എയർലൈൻസ് അധികൃതർ തയ്യാറായിരുന്നില്ല.

ഡിജിസിഎ പലതവണ കാരണം കാണിക്കൽ നോട്ടീസ് കമ്പനിക്ക് അയച്ചു. എന്നാൽ വിമാന കമ്പനി യാത്രക്കാർക്ക് ബോർഡിംഗ് നൽകാൻ തയ്യാറായിരുന്നുവെന്നും എന്നാൽ കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള കാരണങ്ങളാലാണ് ബോർഡിംഗ് നിഷേധിക്കേണ്ടിവന്നതെന്നും ആകാശ അറിയിച്ചു. എന്നാൽ വിമാന കമ്പനി നഷ്ടപരിഹാരം നൽകാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് ഡിജിസിഎ ആകാശയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*