നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യ ഇരയായി മാറി എന്ന് CPIM പത്തനംതിട്ട ജില്ലാ സമ്മേളനം.വിമർശനം ഉയർന്നത് ജില്ലാ സമ്മേളനത്തിന്റെ പൊതു ചർച്ചയിൽ. വിവാദങ്ങൾക്ക് ബലം നൽകുന്ന തരത്തിൽ പത്തനംതിട്ടയിലെ ചില നേതാക്കൾ പ്രവർത്തിച്ചു. അത് എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായെന്നും യോഗത്തിൽ വിലയിരുത്തി.
പി.പി ദിവ്യ സിപിഐഎമ്മുകാരി ആയതിനാൽ വലതുപക്ഷ മാധ്യമങ്ങളുടെ ഇരയായി മാറി. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന പത്തനംതിട്ട ജില്ലാ നേതൃത്വത്തിന്റെ നിലപാട് ശരി. കണ്ണൂർ – പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ഒരുമിച്ച് കൊണ്ട് പോകാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നും യോഗം വിലയിരുത്തി.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ന്യായീകരിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തെത്തിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം നൽകിയ ഹർജിയിൽ പറയുന്ന കാര്യങ്ങൾ ദിവ്യക്ക് അനുകൂലമാണെന്ന് ജയരാജൻ പറഞ്ഞു.
നവീൻ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് ഹർജിയിൽ പറയുന്നത്. അതിന്റെ മറ്റൊരർഥം പി.പി ദിവ്യ കുറ്റക്കാരിയല്ലെന്ന് ഹർജിക്കാരി തന്നെ പറയുന്നു എന്നാണെന്നും ജയരാജൻ പറഞ്ഞു.
ദിവ്യക്കെതിരായ ആരോപണം ആത്മഹത്യാ പ്രേരണയാണ്. കൊന്നു കെട്ടിത്തൂക്കിയെന്ന ആരോപണം ഇതുവരെ ദിവ്യക്കെതിരെ ആരും ഉന്നയിച്ചിട്ടില്ല. കൊലപാതകമാണെങ്കിൽ ആരാണ് അത് ചെയ്തതെന്ന് അന്വേഷിക്കണം. ആരായാലും അന്വേഷണം നടക്കണം. സിബിഐ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും ജയരാജൻ പറഞ്ഞു.
യാത്രയപ്പ് ചടങ്ങിൽ പി.പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു നവീൻ ബാബുവിനെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമാവുകയും വലിയ പ്രതിഷേധമുയരുകയും ചെയ്തതോടെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു.
മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ പി.പി ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യം ലഭിക്കുകയുമായിരുന്നു. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീൻ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Be the first to comment