ത്രിൽ,ആക്ഷൻ,ഡാർക്ക് ഹ്യൂമർ; പ്രാവിൻകൂട് ഷാപ്പ് ജനുവരി 16 ന് തിയേറ്ററുകളിലേക്ക്

സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16 ന് തിയേറ്ററുകളിൽ എത്തുകയാണ്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കള്ളുഷാപ്പിൽ നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലമെന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നല്‍കിയിരുന്നത്.

നവാഗതനായ ശ്രീരാജ് ശ്രീനിവാസന്റെ സംവിധാനത്തിൽ അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ്. തുടങ്ങിയവർ ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുമ്പോൾ, തല്ലുമാല, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീതം ഒരുക്കുന്ന സിനിമ കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശ’ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ മ്യൂസിക്‌ റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത് സോണി മ്യൂസിക്‌ ആണ്.

Be the first to comment

Leave a Reply

Your email address will not be published.


*