വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; കൊല്ലപ്പെട്ട പശുക്കുട്ടിയുമായി റോഡ് ഉപരോധിച്ച് നാട്ടുകാർ

വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും കടുവയുടെ ആക്രമണം. പുലിയാർകുന്ന് വീട്ടിൽ സി സതീശന്‍റെ ഒരു വയസുള്ള പശുകിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. രാവിലെ മേയാൻ വിട്ട പശു തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃഗം ആക്രമിച്ച നിലയിൽ പശു കിടാവിനെ കണ്ടെത്തുന്നത്.

ഉടനെ ചികിത്സക്കായി പൂക്കോട് വെറ്റിനറി കോളജിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൂന്ന് മാസത്തിനിടെ നടക്കുന്ന നാലാമത്തെ വന്യമൃഗ ആക്രമണമാണിത്. സംഭവത്തിൽ പ്രതിഷേധിച്ച നാട്ടുകാർ കോഴിക്കോട്- കൊല്ലഗൽ ദേശീയപാത ഉപരോധിച്ചു. പശു കിടാവിനെ റോഡിൽ കിടത്തിയാണ് നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഉപരോധത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു.

മേഖലയിൽ കൂട് സ്ഥാപിക്കുമെന്നും, രാത്രികാലങ്ങളിൽ സ്ഥലത്ത് വനപാലകരെ വിന്യസിപ്പിക്കും എന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, മേഖലയിലുള്ളത് കടുവയാണോ പുലിയാണോ എന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ ക്യാമറകൾ സ്ഥാപിച്ച വനം വകുപ്പ് ആക്രമണത്തിനിരയായ പശുവിനെ കൂട്ടിലിട്ടാണ് കെണിയൊരുക്കുന്നത്. മേഖലയിൽ വീണ്ടും വന്യമൃഗ ആക്രമണം ഉണ്ടായതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാർ.

 

Be the first to comment

Leave a Reply

Your email address will not be published.


*