കപ്പ് അല്ലാതെ മറ്റൊന്നുമില്ല ലക്ഷ്യം; സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളവും പശ്ചിമബംഗാളും നേര്‍ക്കുനേര്‍

ഒന്നര മാസം കൊണ്ട് 38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ നാളെ പശ്ചിമബംഗാളും കേരളവും രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്ലറ്റിക് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്‍ തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്‍ണമെന്റില്‍ സമാനതകളില്ലാത്ത റോക്കര്‍ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ ശക്തരായ ടീം ആയി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്‍ ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫൈനല്‍ റൗണ്ടില്‍ 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ പതിനഞ്ച് തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്‍ ജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. 78-ാം എഡിഷനില്‍ ഇരു ടീമുകളും തങ്ങളുടെ 10 മത്സരങ്ങളില്‍ ഒമ്പത് ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്‍ ഗോള്‍വേട്ടയില്‍ കേരളം തന്നെയാണ് മുന്നില്‍. പത്ത് മത്സരങ്ങളില്‍ നിന്നായി കേരളം 35 ഗോളുകള്‍ നേടിയപ്പോള്‍ ബംഗാള്‍ 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്‍ തന്നെ 11 ഗോളുകളുമായി ബംഗാള്‍ സ്‌ട്രൈക്കര്‍ റോബി ഹന്‍സ്ഡയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

ഫൈനലിലെത്തുകയെന്നത് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്‍ ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്‍ മുഖ്യ പരിശീലകന്‍ സഞ്ജയ് സെന്‍ പറഞ്ഞു.

തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*