‘പരോളിന് അര്‍ഹത ഉണ്ടായിട്ടും ആറ് വര്‍ഷമായി നല്‍കിയിരുന്നില്ല; അനുവദിച്ചതില്‍ എന്താണ് മഹാപരാധം’: പി ജയരാജന്‍

കൊടി സുനിക്ക് പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സിപിഐഎം നേതാവ് പി ജയരാജന്‍. പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമെന്നാണ് പി ജയരാജന്റെ ചോദ്യം. പരോളിന് അര്‍ഹത ഉണ്ടായിട്ടും കഴിഞ്ഞ ആറ് വര്‍ഷമായി കൊടി സുനിക്ക് പരോള്‍ നല്‍കിയിരുന്നില്ലെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ പറഞ്ഞു. മനോരമയ്‌ക്കെതിരെയാണ് പി ജയരാജന്റെ രൂക്ഷ വിമര്‍ശനം. മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്നാണ് മനോരമയുടെ ഇന്നത്തെ പുതിയ നിര്‍ദേശമെന്നും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ക്കഴിയുന്ന മാഹി സ്വദേശി കൊടിസുനിക്ക് പരോളിന് അര്‍ഹതയുണ്ടായിരുന്നെങ്കിലും, കഴിഞ്ഞ ആറുവര്‍ഷമായി ജയില്‍ വകുപ്പ് പരോള്‍ അനുവദിച്ചിരുന്നില്ലെന്നും പി ജയരാജന്‍ വശദമാക്കി.

തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; ഈ അടിസ്ഥാനത്തില്‍ പ്രമാദമായ കേസ്സുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കും ഇത്തരത്തില്‍ അവധി അനുവദിച്ചു വരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗമെന്ന നിലക്ക് കൊടിയുടെ നിറം നോക്കാതെ പരോള്‍ അനുവദിക്കുന്നതിന് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. കോവിഡ് കാലത്ത് ജീവപര്യന്തം ശിക്ഷക്കാരടക്കം എത്രയോ മാസങ്ങള്‍ പരോളിലായിരുന്നു. കോവിഡിന്റെ ഒരു ഘട്ടത്തിന് ശേഷം തടവുകാരോട് തിരികെ ജയിലില്‍ പ്രവേശിക്കാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതിയാണ് മനുഷ്യാവകാശം പരിഗണിച്ച് കാലാവധി നീട്ടി നല്‍കിയത് എന്നതും അനുഭവമാണ്. കോവിഡ് കാലത്ത് പോലും കൊടിസുനിക്ക് പരോള്‍ നല്‍കിയിരുന്നില്ല – പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആറുവര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ പരാതിയെ തുടര്‍ന്ന് പരോള്‍ നല്‍കിയതില്‍ എന്ത് മഹാപരാധമാണുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. ഇടതുപക്ഷം ഭരിക്കുമ്പോള്‍ മനോരമയുടെ രാഷ്ട്രീയത്തോടൊപ്പം നില്‍കാത്തവര്‍ക്ക് മനുഷ്യാവകാശം പോലും നല്‍കരുതെന്ന വാദം, കമ്മ്യൂണിസ്റ്റ്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വിഷം കുടിച്ച് മരിക്കും എന്ന പഴയ മനോരമ പത്രാധിപരുടെ ‘ഭീരു’ വാദത്തിന്റെ പുതിയ വാദമാണെന്നും വിമര്‍ശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*