‘പഞ്ചാബ് സര്‍ക്കാരിന്റെ മനോഭാവം കര്‍ഷകരുമായി അനുരഞ്ജനത്തിന് വിരുദ്ധം’; രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റണ നിര്‍ദേശം നടപ്പാക്കാത്ത പഞ്ചാബ് സര്‍ക്കാരിന്റെ നടപടിയില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. കര്‍ഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സര്‍ക്കാരിന്റെ നിലപാടെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പഞ്ചാബ് സര്‍ക്കാരിന്റെ മനോഭാവം അനുരഞ്ജനത്തിന് വിരുദ്ധമാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ല. വൈദ്യസഹായം ലഭിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് നിരാഹാര സമരം തുടരാവുന്നതാണ്. മെഡിക്കല്‍ സഹായത്തിന് കീഴില്‍ നിരാഹാരം തുടരാമെന്ന് ധല്ലേവാളിനെ സംസ്ഥാന സര്‍ക്കാര്‍ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു.

നിരാഹാര സമരം നടത്തുന്ന ധല്ലേവാളിനോട് വൈദ്യസഹായം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഞ്ചാബ് അഡ്വക്കേറ്റ് ജനറല്‍ ഗുര്‍മീന്ദര്‍ സിങ് സുപ്രീംകോടതിയെ അറിയിച്ചു. അപ്പോള്‍, കോടതിയുടെ ഉദ്ദേശ്യങ്ങള്‍ ധല്ലേവാളിന്റെ നിരാഹാര സമരം അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശമായി തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് സൂര്യകാന്ത്, തെറ്റായ ധാരണ പ്രചരിപ്പിച്ചതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ധല്ലേവാള്‍ വിലപ്പെട്ട കര്‍ഷക നേതാവാണ്. അദ്ദേഹത്തിന്റെ ജീവന് ആപത്തു വരരുതെന്ന ഉദ്ദേശം മാത്രമാണ് കോടതിക്കുള്ളൂ എന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*