ആക്‌സിലറേറ്റര്‍ പെഡലില്‍ ഫുള്‍ നിയന്ത്രണം, ഒറ്റ ചാര്‍ജില്‍ 473 കിലോമീറ്റര്‍; വരുന്നു ഹ്യുണ്ടായ് ക്രെറ്റ ഇവി

ന്യൂഡല്‍ഹി: ജനുവരി 17 ന് ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോ 2025ല്‍ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കാന്‍ പോകുന്ന ഹ്യുണ്ടായ് ക്രെറ്റ ഇവിയുടെ മോഡല്‍ പ്രദര്‍ശിപ്പിച്ച് വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ. മാരുതി സുസുക്കി ഇ വിറ്റാര, മഹീന്ദ്ര ബിഇ 6, ടാറ്റ കര്‍വ്, എംജി ഇസഡ്എസ് ഇവി, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഹ്യുണ്ടായ് ക്രെറ്റയുടെ ഇവി പതിവ് ഇറക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുണ്ട്. 51.4kWh ഉം 42kWh ഉം. 51.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 473 കിലോമീറ്ററും 42kWh ബാറ്ററി പാക്ക് ഓപ്ഷനില്‍ ഒരൊറ്റ ഫുള്‍ ചാര്‍ജില്‍ 390 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലാണ് ഹ്യുണ്ടായി ക്രെറ്റ ഇവി നിരത്തില്‍ ഇറങ്ങാന്‍ പോകുന്നത്.

58 മിനിറ്റിനുള്ളില്‍ ഹ്യുണ്ടായ് ക്രെറ്റ ഇലക്ട്രിക് 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. 11kW കണക്റ്റഡ് വാള്‍-ബോക്‌സ് AC ഹോം ചാര്‍ജര്‍ ഉപയോഗിച്ച്, വെറും 4 മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് നേടാന്‍ കഴിയും. 7.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ കഴിയുന്ന തരത്തിലാണ് സാങ്കേതികവിദ്യ. ഒറ്റ നോട്ടത്തില്‍ ക്രെറ്റ പെട്രോള്‍ വേര്‍ഷന് സമാനമാണ്.

ഇന്റഗ്രേറ്റഡ് ചാര്‍ജിംഗ് പോര്‍ട്ടും പിക്‌സലേറ്റഡ് ഗ്രാഫിക് ലോവര്‍ ബമ്പറും ഉള്ള ഒരു പിക്‌സലേറ്റഡ് ഗ്രാഫിക് ഫ്രണ്ട്-ഗ്രില്‍ ഇതിന്റെ പ്രത്യേകതയാണ്. പിന്നിലും പിക്‌സലേറ്റഡ് ഗ്രാഫിക് ബമ്പര്‍ ഉണ്ട്. എയറോഡൈനാമിക് സംവിധാനം, പുതിയ 17 ഇഞ്ച് എയ്റോ അലോയ് വീലുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. ഐ-പെഡല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഇലക്ട്രിക് എസ്യുവി ഒരു പെഡല്‍ ഉപയോഗിച്ച് ഓടിക്കാന്‍ കഴിയും. ആക്‌സിലറേറ്റര്‍ പെഡല്‍ മാത്രം ഉപയോഗിച്ച് കാര്‍ ത്വരിതപ്പെടുത്താനും വേഗത കുറയ്ക്കാനും പൂര്‍ണ്ണമായും നിര്‍ത്താനും ഇതുവഴി ഡ്രൈവര്‍മാര്‍ക്ക് സാധിക്കും. വാഹനത്തില്‍ ഡിജിറ്റല്‍ കീ സിസ്റ്റവും സജ്ജീകരിച്ചിട്ടുണ്ട്.എക്‌സിക്യൂട്ടീവ്, സ്മാര്‍ട്ട്, പ്രീമിയം, എക്‌സലന്‍സ് എന്നി നാലു വേരിയന്റുകളിലാണ് ക്രെറ്റ് ഇവി നിരത്തില്‍ ഇറങ്ങുക. എട്ട് മോണോടോണ്‍, രണ്ട് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍ ഉണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*