മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ്. സംസ്കാരം ഇന്ന് തന്നെ ബംഗളൂരുവിൽ നടക്കും.
ദീർഘകാലം കലാകൗമുദി, സമകാലികം വാരികകളുടെ പത്രാധിപരായിരുന്നു. ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആത്മകഥയായ ‘എന്റെ പ്രദക്ഷിണ വഴികൾ’ക്ക് 2012-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥ ജയചന്ദ്രൻ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിർമാണവും അദ്ദേഹം നിർവഹിച്ചു.
കൗമുദി ദിനപത്രത്തിലൂടെയാണ് പത്രപ്രവര്‍ത്തനം തുടങ്ങിയത്.പിന്നീട് മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു.1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997-ല്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് സമകാലിക മലയാളം വാരിക തുടങ്ങിയപ്പോള്‍ പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു. കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എം വി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.
Be the first to comment