രാം ചരണിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ചിത്രമാണ് ‘ഗെയിം ചേഞ്ചർ’. ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജനുവരി പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോഴിതാ ‘ഗെയിം ചെയ്ഞ്ചറിന്റെ’ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രാം ചരണ്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.
ഹൈദരാബാദിലെ കൊണ്ടാപൂരിൽ നടന്ന ചടങ്ങില്‍ സംവിധായകൻ എസ് എസ് രാജമൗലിയാണ് ‘ഗെയിം ചേഞ്ചറിൻ്റെ’ ട്രെയിലർ പുറത്തിറക്കിയത്. അതേസമയം, അല്ലു അർജുൻ്റെ സന്ധ്യ തിയറ്റർ കേസ് കണക്കിലെടുത്ത് ഇവിടെയെത്തുന്നവർക്ക് ഒരുതരത്തിലുള്ള പ്രശ്നവും ഉണ്ടാകാതിരിക്കാൻ പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. വമ്പൻ ആക്ഷൻ രംഗങ്ങളും അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമൃദ്ധമാണെന്നാണ് ട്രെലിയര്‍ നല്കുന്ന സൂചന.
ആദ്യ റോളിൽ ഐഎഎസ് രാം നന്ദൻ എന്ന കഥാപാത്രമായും രണ്ടാം വേഷത്തിൽ അപണ്ണയായും അതായത് രാമൻ്റെ അച്ഛനായാണ് രാം ചരണ്‍ എത്തുന്നത്. അപ്പണ്ണയുടെ ഭാര്യയുടെ വേഷത്തില്‍ അഞ്ജലിയാണ് എത്തുന്നത്. രാം നന്ദനുമായി പ്രണയത്തിലാകുന്ന ജാബിലമ്മ എന്ന കഥാപാത്രത്തെയാണ് കിയാര അധ്വാനി അവതരിപ്പിക്കുന്നത്.
ഗെയിം ചേഞ്ചറിന്റെ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകൾ കേരളത്തിൽ പ്രദർശനത്തിനെത്തിക്കും. കേരളത്തിൽ ചിത്രം റിലീസിനെത്തിക്കുന്നത് ഇ ഫോർ എന്റർടൈൻമെന്റ് ആണ്. അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിൽ എത്തിച്ചതും ഇ ഫോർ എന്റർടൈൻമെന്റ്സ് ആയിരുന്നു.
ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിൻ്റെയും സീ സ്റ്റുഡിയോസിൻ്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
തമന് രചന നിര്‍വഹിച്ച മനോഹരമായ ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. നാലു ഗാനങ്ങള്‍ക്ക് 75 കോടി രൂപയാണ് ചെലവിട്ടതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സിനിമയിലെ നാല് ഗാനങ്ങൾ ഇതിനോടകം പുറത്തുവന്നിരുന്നു. അഞ്ച് ഗാനങ്ങളാണ് ഗെയിം ചേഞ്ചറിലുള്ളത്. ചിത്രത്തിലെ നാനാ ഹൈറാനാ എന്ന ഗാനം ചിത്രീകരിക്കാനാണ് ഏറ്റവും കൂടുതൽ തുക ചെലവായത്. ആദ്യ ഗാനമായ ജരഗണ്ടി.. ജരഗണ്ടി.., ചടുലമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. പ്രഭുദേവ നൃത്തസംവിധാനം നിർവഹിച്ചത്.
ഒരു ഗാനരംഗത്തില്‍ 600 നര്‍ത്തകരും മറ്റൊരു ഗാനത്തില്‍ 1000 നര്ത്തകരുമാണുള്ളത്. റാമോജി ഫിലിം സിറ്റിയിൽ എട്ട് ദിവസത്തെ ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം 100 റഷ്യൻ പ്രൊഫഷണൽ നർത്തകരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നിരുന്നു. മനീഷ് മൽഹോത്രയാണ് വസ്ത്രാലങ്കാരം.
400 കോടി ബഡ്ജറ്റിൽ ഒരുക്കിയ സിനിമക്ക് മേൽ വലിയ പ്രതീക്ഷകളാണ് ഉള്ളത്. ഇന്ത്യൻ 2 എന്ന വമ്പൻ പരാജയത്തിന് ശേഷമെത്തുന്ന സിനിമയായതിനാൽ ശങ്കറിന് ഇതെങ്ങനെ മറികടക്കാനാവും എന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.
എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
Be the first to comment