വനനിയമഭേദഗതിയിൽ പി വി അൻവർ എംഎൽഎയുടെ പ്രതിഷേധ യാത്രയുമായി സഹകരിക്കില്ലെന്ന് വയനാട് ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. അനുവാദമില്ലാതെയാണ് തന്റെ ചിത്രം വച്ച് പി വി അൻവർ പോസ്റ്റർ അടിച്ചത്. പ്രതിഷേധ യാത്ര ഉദ്ഘാടനം ചെയ്യാമോ എന്ന പി വി അൻവർ തന്നോട് ചോദിച്ചിരുന്നു. എന്നാൽ പങ്കെടുക്കില്ലെന്ന് പിന്നീട് അറിയിച്ചിരുന്നെന്നും എൻ ഡി അപ്പച്ചൻ വ്യക്തമാക്കി.
ഇതിനിടയാണ് നവമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചിരുന്നുവെന്നും പി വി അൻവറുമായി യോജിക്കുന്നതിൽ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടതുണ്ടെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. അതിനുശേഷം മാത്രമേ പരിപാടിയിൽ പങ്കെടുക്കാൻ കഴിയൂ എന്ന് അറിയിച്ചിരുന്നതാണ്.
കെപിസിസി പ്രസിഡന്റുമായും പ്രതിപക്ഷ നേതാവുമായും കൂടിയാലോചിച്ചു. ഇതിനുശേഷമാണ് പരിപാടിയിൽ പങ്കെടുക്കില്ല എന്ന് അറിയിച്ചതെന്ന് എൻ ഡി അപ്പച്ചൻ പറഞ്ഞു. വന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് നടക്കുന്ന ജനകീയ യാത്ര പരിപാടിയാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി വനനിയമ ഭേദഗതി ബില്ലിനെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ മാനന്തവാടി മുതൽ വഴിക്കടവ് വരെയാണ് ജനകീയ യാത്ര നടക്കുന്നത്.
Be the first to comment