മണിക്കൂറില്‍ 180 കിമീ വേഗം!; കുതിച്ച് പായാൻ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒന്നിലധികം പരീക്ഷണ ഓട്ടങ്ങളില്‍ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ മണിക്കൂറില്‍ 180 കിലോമീറ്റർ വേഗത കൈവരിച്ചതായി കേന്ദ്ര സർക്കാർ. ഈ മാസം അവസാനം സര്‍വീസുകള്‍ ആരംഭിക്കുന്നത് വരെ സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടരുമെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിന്‍റെ ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

ഇന്നലെ (ജനുവരി 02) രാജസ്ഥാനിലെ കോട്ടയ്ക്കും ലബനുമിടയിൽ 30 കിലോമീറ്റർ ദൈർഘ്യമുള്ള ഓട്ടത്തിനിടയിലാണ് ട്രെയിൻ 180 കിലോ മീറ്റര്‍ വേഗതയിലേക്ക് എത്തിയത്. ഇതിന് മുന്‍പ് ജനുവരി ഒന്നിന് റോഹൽ ഖുർദ് മുതൽ കോട്ട വരെയുള്ള 40 കിലോമീറ്റർ ദൈർഘ്യമുള്ള ട്രയൽ റണ്ണിലും വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ 180 കിമീ വേഗതയിലേക്ക് എത്തിയിരുന്നു. അതേദിവസം, കോട്ട-നാഗ്‌ദ, റോഹൽ ഖുർദ്-ചൗ മഹ്‌ല സെക്ഷനുകളിൽ മണിക്കൂറിൽ 170 കിലോമീറ്ററും മണിക്കൂറിൽ 160 കിലോമീറ്ററും വേഗത്തിലും ട്രെയിൻ സഞ്ചരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ദീർഘദൂര, ഇടത്തരം യാത്രകൾക്കായി നിലവില്‍ 10 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നതെന്നാണ് വിവരം. ആദ്യത്തെ പ്രോട്ടോ ടൈപ്പിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കി അവ ഫീല്‍ഡ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്. 200 വന്ദേ ഭാരത് സ്ലീപ്പര്‍ റാക്കുകളുടെ നിര്‍മാണവും ടെക്‌നോളജി പങ്കാളികള്‍ക്ക് കൈമാറിയിട്ടുണ്ട്.ട്രയലുകള്‍ പൂര്‍ത്തിയാകുന്നതിന് അനുസരിച്ചായിരിക്കും ഇന്ത്യൻ റെയില്‍വേ ഇവയുടെ സമയക്രമം പ്രഖ്യാപിക്കുക.

ദീർ​ഘദൂര ഇടത്തരം യാത്രകൾക്കായി തയ്യാറാക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ആധുനിക സവിശേഷതകളോടെയാകും പുറത്തിറക്കുകയെന്ന് മന്ത്രി അശ്വിനി വൈഷ്‌ണവ് അടുത്തിടെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു.യാത്രയെ സുഖകരമാക്കുന്ന സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ട്രെയിനില്‍ സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷക്കായി ബഫറുകളും കപ്ലറുകളും ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കവച്, ജെർക്ക് ഫ്രീ സെമി പെർമനൻ്റ് കപ്ലറുകൾ, ആൻ്റി ക്ലൈംബറുകൾ, ഇഎൻ മാനദണ്ഡങ്ങൾ പാലിക്കുന്ന കാർ ബോഡിയുടെ ക്രാഷ്‌വര്‍ത്തി ഡിസൈൻ, റീജനറേറ്റീവ് ബ്രേക്കിങ് സിസ്‌റ്റം എന്നിവയും പ്രത്യേകതകളാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അടിയന്തിര സാഹചര്യങ്ങളിൽ യാത്രക്കാരനും ട്രെയിൻ മാനേജറും/ലോക്കോ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിനുള്ള എമർജൻസി ടോക്ക് ബാക്ക് യൂണിറ്റ്, ഓരോ അറ്റത്തും ഡ്രൈവിങ് കോച്ചുകളിലെ നിയന്ത്രിത മൊബിലിറ്റി (പിആർഎം) എന്നിവയും ഒരുക്കിയിട്ടുണ്ട്. മുകളിലെ ബെർത്തുകളിലേക്ക് കയറാനുള്ള എളുപ്പത്തിന് എർഗണോമിക് രീതിയില്‍ രൂപകൽപ്പന ചെയ്‌ത ലാൻഡർ, എയർ കണ്ടീഷനിങ് സിസ്‌റ്റവും കൂടാതെ സിസിടിവി ക്യാമറകളും ട്രെയിനിലുണ്ടാകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*