യുകെയിൽ സ്കിൽഡ് വർക്കർ വീസ മാറ്റങ്ങൾ പ്രാബല്യത്തിൽ; 38,700 പൗണ്ട് ശമ്പളമില്ലാത്തവർക്ക് ഇനി വർക്ക് പെർമിറ്റ് ലഭിക്കില്ല

ഹെറിഫോഡ്: ബ്രിട്ടനിലേക്കുള്ള സ്കിൽഡ് വർക്കർ വീസയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ സർക്കാർ വരുത്തിയ കാതലായ മാറ്റങ്ങൾ ഈ ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വീസ ലഭിക്കുന്നതിനുള്ള മിനിമം ശമ്പള പരിധി ഉയർത്തിയതാണ് ഇതിൽ ഏറ്റവും സുപ്രധാനമായ മാറ്റം. ഒട്ടുമിക്ക സ്കിൽഡ് വർക്കർ വീസയ്ക്കും അപേക്ഷിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പളം  38,700 പൗണ്ടാക്കി ഉയർത്തിയിരിക്കുകയാണ്. നേരത്തെയിത് 26,200 പൗണ്ടായിരുന്നു. 82 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, തൊഴിലുമായി ബന്ധപ്പെട്ട വിഷയത്തിൽ പി എച്ച് ഡി ഉള്ള അപേക്ഷകർക്ക് മിനിമ ശമ്പളം 23,800ൽ നിന്നും 34,830 പൗണ്ട് ആക്കി ഉയർത്തിയപ്പോൾ സ്റ്റെം അനുബന്ധ പി എച്ച് ഡി ഉള്ളവരുടെ മിനിമം ശമ്പളം 20,960 പൗണ്ടിൽ നിന്നും 30,960 പൗണ്ടാക്കിയും ഉയർത്തിയിട്ടുണ്ട്. ഷോർട്ടേജ് ഒക്കുപേഷൻ ലിസ്റ്റിലുള്ള തൊഴിലുകൾക്ക് മിനിമം ശമ്പളം 30,960 പൗണ്ട് ആയിരിക്കണം. ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിൽ ഉള്ള പോസ്റ്റുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് നേരത്തെ മിനിമം ശമ്പളം എന്ന മാനദണ്ഡത്തിൽ 20 ശതമാനത്തിന്റെ ഇളവ് നൽകിയിരുന്നതും നിർത്തലാക്കിയിരിക്കുകയാണ്.

സാങ്കേതിക മേഖല, ആരോഗ്യ സംരക്ഷണ മേഖല, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിൽ ഈ പുതിയ നിയമം ബാധിക്കും. പുതിയ നിയമമനുസരിച്ച്, വളരെ കുറച്ച് തസ്തികകളിലേക് മാത്രമായിരിക്കും വിദേശ തൊഴിലാളികൾക്ക് അപേക്ഷിക്കാൻ കഴിയുക. മാത്രമല്ല, തൊഴിലുടമകൾക്ക് സ്കില്ലുമായി ബന്ധപ്പെട്ട, അവരുടെ ആവശ്യകതകൾ പുനർ നിർണ്ണയം ചെയ്യേണ്ടതായും വരും.

പുതിയ ശമ്പള മാനദണ്ഡങ്ങൾ യുകെയിലേക്കുള്ള കുടിയേറ്റം കാര്യമായി തന്നെ കുറയ്ക്കും. നഴ്സുമാർക്കും കെയറർമാർക്കും ഈ മാനദണ്ഡം പാലിക്കാൻ കഴിയാത്തതിനാൽ, യുകെയിലെ തൊഴിൽ ഒരു സ്വപ്നമായി മാത്രം അവശേഷിച്ചേക്കാം. 

ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് വീസ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ചില ഇളവുകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും ഇതിലും മാറ്റങ്ങൾ വന്നേക്കും. കുടിയേറ്റകാര്യത്തിൽ സർക്കാർ കൂടുതൽ നിയമങ്ങൾ പ്രാബല്യത്തിലാക്കുമ്പോൾ, ഉയർന്ന ശമ്പളമുള്ള വളരെ ചുരുക്കം പേർക്ക് മാത്രം ബ്രിട്ടനിലേക്ക് കുടിയേറാൻ സാധിക്കുന്ന സാഹചര്യമാണ് ഉണ്ടാവുക.

Be the first to comment

Leave a Reply

Your email address will not be published.


*