കൊച്ചിയിലെ നൃത്ത പരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത് ജിസിഡിഎ ചെയർമാൻ. ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് ചെയർമാൻ കെ. ചന്ദ്രൻപിള്ള നൃത്തപരിപാടിക്ക് സ്റ്റേഡിയം അനുവദിച്ചത്. ജിസിഡിഎയുടെ നടപടിക്രമങ്ങളുടെ നോട്ട് ട്വന്റിഫോറിന് ലഭിച്ചു. പോലീസ് ,ഫയർഫോഴ്സ് ,കോർപ്പറേഷൻ തുടങ്ങിയവയുടെ എൻ ഒ സി നേടാതെയാണ് അനുമതി നൽകിയത്. ചെയർമാൻ നിർദ്ദേശിച്ചതിന് പിന്നാലെ സംഘാടകർ 13 ലക്ഷം രൂപ ധനലക്ഷ്മി ബാങ്കിൽ അടച്ചു. ജിസിഡിഎ എൻജിനീയറുടെ മകളും പരിപാടിയിൽ പങ്കെടുത്തിരുന്നു.
അതേസമയം കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് വേൾഡ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്ക് ദിവ്യ ഉണ്ണിക്ക് നൽകിയത് 5 ലക്ഷം രൂപയാണ്. സംഘാടകരുടെ അക്കൗണ്ട് പരിശോധനയിലൂടെയാണ് ഈ വിവരം പോലീസിന് ലഭിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഇതിനിടെ അപകടവുമായി ബന്ധപ്പെട്ട പൊലീസ് ജിസിഡിഎക്ക് ചോദ്യാവലി നൽകി. സ്റ്റേഡിയത്തിൽ അപകടമുണ്ടായതുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പൊലീസ് നൽകിയത്.
നൃത്ത പരിപാടിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കുന്നതിനിടെ നൃത്താവതരണത്തിന് നേതൃത്വം നല്കിയ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് പോലീസിന് തിരിച്ചടിയാണ്. കഴിഞ്ഞ കുറെ വര്ഷങ്ങളായി ദിവ്യ ഉണ്ണി അമേരിക്കയിലാണ് സ്ഥിര താമസം. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില് ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.
കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ അപകടത്തിൽപ്പെട്ട നൃത്ത പരിപാടിയുടെ മുഖ്യ സംഘാടകരായ മൃദംഗ വിഷന് എംഡി നിഗോഷ് കുമാറിന് ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളായ ഷമീർ അബ്ദുൽ റഹീം, ബെന്നി, കൃഷ്ണകുമാർ എന്നിവർക്ക് ജാമ്യം നീട്ടി നൽകി. ചൊവ്വാഴ്ച പ്രതികളുടെ ജാമ്യ അപേക്ഷയിൽ ഉത്തരവ് ഉണ്ടാകും.
Be the first to comment