മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 9 പൈസയുടെ നഷ്ടത്തോടെ 85.83 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി. ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അസംസ്കൃത എണ്ണവില ഉയരുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന റിപ്പോര്‍ട്ടുകളുമാണ് രൂപയെ ബാധിച്ചത്.
ഇന്നലെ ആറു പൈസയുടെ നഷ്ടത്തോടെ 85.74 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ക്ലോസ് ചെയ്തത്. ഇന്ന് രാവിലെയും രൂപയുടെ മൂല്യം ഇടിയുന്നത് തുടരുകയായിരുന്നു. നടപ്പുസാമ്പത്തികവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം കുറച്ചതും ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും രൂപയെ സ്വാധീനിച്ചിട്ടുണ്ട്. നടപ്പുസാമ്പത്തികവര്‍ഷം 6.4 ശതമാനം വളര്‍ച്ച മാത്രമാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.2 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്താണ് കുറഞ്ഞ വളര്‍ച്ചാ അനുമാനം. കോവിഡ് കഴിഞ്ഞതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ അനുമാനമാണിത്. ഇതിന് പുറമേ യുഎസ് ട്രഷറി വരുമാനം ഉയര്‍ന്നതും ഡോളര്‍ ശക്തിയാര്‍ജിച്ചതും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചതായും വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 600 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 23,550 പോയിന്റിലും താഴെയാണ്. ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട സ്റ്റോക്കുകള്‍. അദാനി പോര്‍ട്സ്, ടൈറ്റന് കമ്പനി എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ട മറ്റു കമ്പനികള്‍.
Be the first to comment