2026ല്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് തന്‍റെ കരിയറിലെ അവസാനത്തേതാണെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മര്‍. യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്‍റില്‍ തന്‍റെ കഴിവിന്‍റെ പരമാവധി ചെയ്യുമെന്നും താരം കൂട്ടിച്ചേർത്തു. സിഎന്‍എന്നിനോട് സംസാരിക്കുകയായിരുന്നു നെയ്‌മര്‍.
‘ഞാന്‍ അവിടെ ഉണ്ടായിരിക്കണം. ബ്രസീല്‍ ദേശീയ ടീമിന്‍റെ ഭാഗമാകുന്നതിന് വേണ്ടി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും. ഇതെന്‍റെ അവസാനത്തെ ലോകകപ്പാണെന്ന് എനിക്ക് അറിയാം. 2026ലെ ലോകകപ്പില്‍ എനിക്കുള്ള അവസാന ഷോട്ടും അവസാന അവസരവുമാണ്. എന്തു വില കൊടുത്തും ഞാന്‍ അതില്‍ പങ്കെടുക്കുമെന്ന് നെയ്‌മര്‍ വ്യക്തമാക്കി.
79 ഗോളുകളുമായി ബ്രസീലിന്‍റെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോററായ നെയ്‌മറിന് 2023 ഒക്‌ടോബറിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഇടതു കാൽമുട്ടിലെ പരിക്കിനെ തുടര്‍ന്ന് പുറത്തായിരുന്നു. പിന്നാലെ സൗദി ക്ലബായ അല്‍-ഹിലാലിലേക്ക് ചേക്കേറിയ താരത്തിന് പരുക്ക് വില്ലനായതിനാല്‍ വേണ്ടത്ര വിധം ക്ലബിന് വേണ്ടി ശോഭിക്കാനായില്ല.
അതേസമയം മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ ലയണൽ മെസ്സി, ലൂയിസ് സുവാരസ് എന്നിവരുമായി ഇന്‍റർ മയാമിയിൽ വീണ്ടും ഒന്നിക്കുന്നത് രസകരമായ ഒരു കാര്യമാണെന്നും അൽ-ഹിലാൽ കരാർ അവസാനിച്ചതിനാൽ അമേരിക്കയിലേക്കുള്ള നീക്കം തള്ളിക്കളയുന്നില്ലെന്നും താരം സൂചന നൽകി. ആറ് സീസണുകൾ പിഎസ്‌ജിയിൽ കളിച്ച നെയ്‌മര്‍ 118 ഗോളുകൾ നേടിയിട്ടുണ്ട്.
2023ൽ 90 മില്യൺ യൂറോയ്ക്ക് പിഎസ്‌ജിയിൽ നിന്ന് മാറിയതിന് ശേഷം ഏഴ് തവണ മാത്രമാണ് നെയ്‌മർ അൽ-ഹിലാലിനായി കളിച്ചത്. പരിക്കുകൾ കാരണം ബ്രസീലിയൻ താരത്തെ ദീർഘകാലത്തേക്ക് മാറ്റിനിർത്തുകയായിരുന്നു. ജൂണിലാണ് നെയ്‌മറിന്‍റെ അല്‍-ഹിലാലുമായുള്ള കരാർ അവസാനിക്കുന്നത്.
Be the first to comment