റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ‘ക്യാഷ്‌ലെസ് ചികിത്സ’; പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

റോഡപകടത്തിൽപ്പെട്ടവർക്ക് സാമ്പത്തിക സഹായം നൽകുന്നതിന് ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ പുതിയ “ക്യാഷ്‌ലെസ്സ് ചികിത്സ” പദ്ധതി ആരംഭിച്ചു. ഈ സംരംഭത്തിന് കീഴിൽ, റോഡപകടത്തിൽപ്പെട്ടവർക്കുള്ള ചികിത്സയുടെ ആദ്യ ഏഴ് ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള ചികിത്സാ ചെലവ് സർക്കാർ വഹിക്കും. അപകടത്തെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ പോലീസിനെ അറിയിച്ചാൽ ചികിത്സാ ചിലവ് സർക്കാർ വഹിക്കുമെന്ന് പദ്ധതിയെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

2024 മാർച്ച് 14 ന്, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം റോഡ് അപകടത്തിൽപ്പെട്ടവർക്ക് പണരഹിത ചികിത്സ നൽകുന്നതിനുള്ള ഒരു പൈലറ്റ് പ്രോഗ്രാം ചണ്ഡീഗഡിൽ ആരംഭിച്ചിരുന്നു. പിന്നീട് ഈ പദ്ധതി ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു.

പോലീസ്, ആശുപത്രികൾ, സംസ്ഥാന ആരോഗ്യ ഏജൻസി എന്നിവയുമായി ഏകോപിപ്പിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റി പദ്ധതിയുടെ നിർവ്വഹണ ഏജൻസിയായിരിക്കും പദ്ധതി നടപ്പിലാക്കുക. അപകടം സംബന്ധിച്ച വിശദമായ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഒരു ഐടി പ്ലാറ്റ്‌ഫോമിലൂടെയാണ് പദ്ധതി നടപ്പിലാക്കുക.

2024ൽ 1.80 ലക്ഷം പേർക്ക് റോഡപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടുവെന്ന ഭയാനകമായ ക്കണക്കുകളുടെ പശ്ചാത്തലത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. വിമാന പൈലറ്റുമാർക്കുള്ള മാർഗനിർദേശങ്ങൾക്ക് സമാനമായി വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാരുടെ ജോലി സമയം ക്രമീകരിക്കാൻ ലക്ഷ്യമിട്ടുള്ള നയം രൂപീകരിക്കുന്നതിന് സർക്കാർ തൊഴിൽ നിയമങ്ങൾ അവലോകനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിലവിൽ 22 ലക്ഷം കൊമേഴ്‌സ്യൽ ഡ്രൈവർമാരുടെ കുറവാണ് നേരിടുന്നതെന്നും ഇത് റോഡ് സുരക്ഷ ഉറപ്പാക്കുന്നതിലെ വെല്ലുവിളികൾ വർധിപ്പിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*