കേരള കോണ്‍ഗ്രസ് എമ്മിന്റെ യുഡിഎഫ് പ്രവേശന ചര്‍ച്ചകളെ തള്ളി കേരള കോണ്‍ഗ്രസ്.യുഡിഎഫില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. യുഡിഎഫ് ശക്തമാണെന്നും ഇപ്പോള്‍ ആരെയും തിരിച്ചുകൊണ്ടുവരേണ്ട ആവശ്യമില്ലെന്നുമാണ് കേരള കോണ്‍ഗ്രസ് നിലപാട്.
ജോസ് കെ മാണി വിഭാഗത്തെ തിരികെ യുഡിഎഫില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും നീക്കങ്ങള്‍ നടത്തുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിന് അപ്പാടെ തള്ളുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന് തന്നെയാണ് ഇവര്‍ പറയുന്നത്. മുന്നണി വിട്ടവരെ തിരിച്ചുകൊണ്ടുവരണമെങ്കില്‍ അക്കാര്യം യുഡിഎഫില്‍ ആദ്യം ചര്‍ച്ച ചെയ്യും. നിലവില്‍ അങ്ങനെ ഒരു കാര്യവും നടന്നിട്ടില്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
യുഡിഎഫിലേക്ക് മടങ്ങില്ലെന്ന് കഴിഞ്ഞദിവസം ജോസ് കെ മാണി ആവര്‍ത്തിച്ചിരുന്നു. യുഡിഎഫിലെ കലഹം മറക്കുന്നതിന് വേണ്ടി ചിലര്‍ നടത്തുന്ന നീക്കം ആണെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരള കോണ്‍ഗ്രസിന് യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സഭാ നേതൃത്വം ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
Be the first to comment