തിങ്കളാഴ്ച സംസ്ഥാനത്തെ പമ്പുകള്‍ രാവിലെ ആറ് മുതല്‍ 12 മണിവരെ അടച്ചിടും

കോഴിക്കോട്: തിങ്കളാഴ്ച രാവിലെ ആറ് മുതൽ 12 മണി വരെ സംസ്ഥാനത്തെ എല്ലാ പെട്രോൾ പമ്പുകളും അടച്ചിടാൻ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് തീരുമാനം. എലത്തൂര്‍ എച്ച്പിസിഎല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചു ദിവസമായി തര്‍ക്കം നിലനിന്നിരുന്നു. ഇന്ധനവുമായി പമ്പുകളിലെത്തുന്ന ലോറി ഡ്രൈവർമാർക്ക് ‘ചായക്കാശ്’ എന്ന പേരിൽ ഒരു തുക നൽകുന്ന പതിവ് പണ്ടു മുതല്‍ നിലനില്‍ക്കുന്നതാണ്. 300 രൂപ വരെയാണ് നിലവിൽ നൽകുന്നത്. ഈ തുക കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡ്രൈവർമാർ രംഗത്തെത്തുകയും ആവശ്യം ഡീലർമാർ നിരസിക്കുകയും ചെയ്തതിനെ തുടർന്നായിരുന്നു തർക്കം നടക്കുന്നത്.

ഇക്കാര്യം ചർച്ച ചെയ്ത് പരിഹരിക്കാനാണ് കോഴിക്കോട് എലത്തൂരിലെ ഡിപ്പോയിൽ ചർച്ച സംഘടിപ്പിച്ചത്. എന്നാൽ ഇതിനിടെ ടാങ്കർ ലോറി ഡ്രൈവർമാർ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളെ കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. കയ്യേറ്റം ചെയ്തുവെന്ന ആരോപണം ഡ്രൈവര്‍ നിഷേധിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*