ദിവസമെണ്ണി കാത്തിരുന്നോളൂ; മെസി മലയാളനാട്ടിലെത്തുക ഒക്ടോബര്‍ 25ന്; ആരാധകര്‍ക്ക് കാണാനും അവസരം

അര്‍ജന്റീനയേയും മെസ്സിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും കൂട്ടരും ഒക്ടോബര്‍ 25ന് കേരളത്തിലെത്തുമെന്നാണ് പ്രഖ്യാപനം. നവംബര്‍ 2 വരെ മെസ്സിപ്പട കേരളത്തിലുണ്ടാകും. രണ്ട് സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെസ്സിയുടെ കടുത്ത ആരാധകര്‍ക്ക് കാണാനായി മെസ്സി 20 മിനിറ്റിലേറെ പൊതുവേദിയിലുണ്ടാകുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചു.

നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ഇ മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ നേരത്തേ അറിയിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*