നിലമ്പൂർ എംഎല്‍എ സ്ഥാനം രാജിവെച്ച് പി. വി. അന്‍വർ

നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച് പി. വി. അന്‍വര്‍. രാവിലെ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിലെത്തി രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു രാജിപ്രഖ്യാപനം. എംഎല്‍എ ഹോസ്റ്റലിൽനിന്ന് ഇറങ്ങിയ അന്‍വര്‍ കാറിലെ എംഎല്‍എ ബോർഡ് മറച്ചുവെച്ചാണ് സഭയില്‍ സ്പീക്കറെ കാണാനെത്തിയത്. അപ്പോള്‍തന്നെ രാജി ഉറപ്പിച്ചിരുന്നു. സ്പീക്കറെ കാണുന്നതിനുമുന്‍പ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കിയിരുന്നില്ല.

തൃണമൂൽ കോൺഗ്രസ് പ്രവേശനത്തിന്‍റെ സാഹചര്യത്തിൽ അയോഗ്യത മറികടക്കാനാണ് രാജിവെച്ചത്. അന്‍വറിനെ യുഡിഎഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം നീളുന്നതിനിടെ കഴിഞ്ഞ ദിവസമാണ് അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലമ്പൂരിൽ നിന്നുള്ള ഇടത് സ്വതന്ത്ര എംഎൽഎ ആയ അൻവർ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യനാകും. അത് മറികടക്കാനും നിലമ്പൂരിൽ വീണ്ടും മത്സരിച്ച് ശക്തി തെളിയിക്കാനുമാണ് അൻവറിന്‍റെ നീക്കമെന്നാണ് സൂചന.

അൻവറിനെ മുന്നണിയിൽ ഉൾപ്പെടുത്തുന്നതിൽ യുഡിഎഫ് തീരുമാനം എടുത്തിരുന്നില്ല. അതേ സമയം അൻവർ വീണ്ടും നിലമ്പൂരിൽ മത്സരിച്ചാൽ അത് യുഡിഎഫിന് മേൽ സമ്മർദം കൂട്ടുകയും ചെയ്യും. സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും നേരിട്ട് പോരിനിറങ്ങിയ പി. വി. അൻവർ കേരള രാഷ്ട്രീയത്തിൽ ഇനി പുതിയ പോർക്കളം ഒരുക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*