
യുഎസ് ഡോളറുമായുളള ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇനിയും ഇടിഞ്ഞേക്കും. ഒരു യുഎസ് ഡോളറിന് 90 രൂപയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ ഇടിയുമോയെന്നുളളതാണ് വിപണിയില്‍ നിന്ന് ഉയരുന്ന ചോദ്യം. യുഎഇ ദിർഹം ഉള്‍പ്പടെയുളള ഗള്‍ഫ് കറന്‍സികളുമായും വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്. അധികം വൈകാതെ വിനിമയമൂല്യം ഒരു ദിർഹത്തിന് 26 രൂപയെന്ന നിലയിലേക്ക് എത്തുമെന്നാണ് വിനിമയരംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്. റിസർവ്വ് ബാങ്ക് നടപടികളായിരിക്കും രൂപയുടെ മൂല്യത്തിലെ ഏറ്റകുറച്ചിലുകളെ സ്വാധീനിക്കുക.
ഇന്ത്യന്‍ രൂപ ഈ വാരം ഡോളറിനെതിരെ 85.97 രൂപയെന്ന നിലയിലേക്ക് താഴ്ന്നിരുന്നു. യുഎഇ ദിർഹവുമായി 23.689 രൂപയെന്നതായിരുന്നു വിനിമയനിരക്ക്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 86 ലേക്ക് താഴ്ന്നു. ഒരു യുഎസ് ഡോളറിന് 86 രൂപ 12 പൈസയിലേക്കാണ് മൂല്യം താഴ്ന്നത്. ഒരുവേള 86 രൂപ 31 പൈസയിലേക്ക് വരെ രൂപ മൂല്യത്തകർച്ച നേരിട്ടു. ബ്ലൂം ബെർഗ് നല്‍കുന്ന വിവരം അനുസരിച്ച് ജനുവരി 10 ന് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 86.04 ലെത്തിയിരുന്നു. ഡോളറിന് ആവശ്യക്കാർ ഏറിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ക്രൂഡ് വില ഉയർന്നതും രുപയ്ക്ക് തിരിച്ചടിയായി. നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത. റിസർവ്വ് ബാങ്ക് ഉടനെ രൂപയുടെ മൂല്യം പിടിച്ചുനിർത്താന്‍ ഇടപെടല്‍ നടത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ നല്‍കുന്ന സൂചന.
Be the first to comment